ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് നേതൃമാറ്റ മുറവിളി ഉയരുന്നതിനിടെ, ഗാന്ധി കുടുംബത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അൽക്ക ലാംബ ഉൾപ്പടെ ഡൽഹിയിലെ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകളാണ് എഐസിസി ആസ്ഥാനത്തിന് സമീപം ഒത്തുകൂടിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് അനുകൂലമായി നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കോൺഗ്രസിനെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ബന്ധിപ്പിക്കുന്ന നൂലിഴയാണ് ഗാന്ധി കുടുംബമെന്നും അത് ഒരു തെരഞ്ഞെടുപ്പ് വിജയത്തെയും പരാജയത്തെയും മാത്രം ആശ്രയിക്കുന്നതല്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി പറഞ്ഞു.
പിന്തുണയുമായി ഗെലോട്ട്
നേരത്തെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിന്മുന്നോടിയായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കണമെന്ന ആശയത്തെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും പിന്തുണച്ചിരുന്നു.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനുള്ള മുറവിളി വീണ്ടും ഉയർന്നിട്ടുണ്ട്. കപില്‍ സിബല്‍, മനീഷ് തിവാരി ഉള്‍പ്പടെയുള്ള ജി 23 നേതാക്കൾ വെള്ളിയാഴ്‌ച വൈകീട്ട് മുതിർന്ന നേതാവും സിഡബ്ല്യുസി അംഗവുമായ ഗുലാം നബി ആസാദിന്‍റെ വസതിയിൽ യോഗം ചേർന്നിരുന്നു. മുകുള്‍ വാസ്‌നിക്കിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.
2019ലെ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയും ജി 23 നേതാക്കളുടെ വിമര്‍ശനത്തിന് പിന്നാലെ 2020 ഓഗസ്റ്റിൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനം തുടരാന്‍ പ്രവര്‍ത്തക സമിതി യോഗം സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു.
Also read: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നാളെ മുതല്‍ ; ജമ്മു കശ്‌മീരിനായുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും