ന്യൂഡല്‍ഹി :രാജസ്ഥാനിലെ ഉദയ്‌പൂരില്‍ വെള്ളിയാഴ്‌ച(13.05.22) മുതല്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് 'ചിന്തന്‍ ശിബിര്‍' വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിക്കുന്നതിന് ആധാരമാകുമെന്ന് പാര്‍ട്ടി നേതാവ് ജയ്‌റാം രമേശ്. ചിന്തന്‍ ശിബിറിന് മുന്നോടിയായി വിവിധ മേഖലകള്‍ പരിശോധിച്ച് ആറ് ഉപസമിതികള്‍ മുന്നോട്ടുവച്ച കരട് മാര്‍ഗരേഖ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി വിലയിരുത്തി.
രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജനത്തിന് കോണ്‍ഗ്രസില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ജയറാം രമേശ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പുനസംഘടനാ ചര്‍ച്ചയും മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. ചിന്തന്‍ ശിബിര്‍ ലക്ഷ്യമല്ല, തുടക്കമാണെന്നും പാര്‍ട്ടിക്കുള്ളില്‍ മാറ്റമുണ്ടാകണമെന്നും ജയറാം രമേശ് പറഞ്ഞു.
ചിന്തന്‍ ശിബിര്‍ വഴിപാട് ചര്‍ച്ചയ്‌ക്കുള്ള വേദിയല്ലെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു. സ്വയം വിമര്‍ശനമാകാം. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന തരത്തിലാകരുത് വിമര്‍ശനങ്ങളെന്നും അവര്‍ വ്യക്തമാക്കി. രാഷ്‌ട്രീയം, സാമ്പത്തികം, സാമൂഹ്യ ക്ഷേമം, സംഘടനാകാര്യം, യുവജന ക്ഷേമം, കാര്‍ഷികം എന്നിങ്ങനെ മേഖലകളായി തിരിച്ചായിരുന്നു ഉപസമിതികളെ നിയോഗിച്ചത്.
Also Read: രാജികളില്ല, നേതൃമാറ്റവും ; സോണിയ തുടരും, തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ ചിന്തന്‍ ശിബിര്‍
പാര്‍ട്ടിയുടെ പോഷകസംഘടനാ പ്രവര്‍ത്തകരുള്‍പ്പടെ 422 പേരാണ് ചിന്തന്‍ ശിബിറില്‍ പങ്കെടുക്കുന്നത്. യുവനിരയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ മുന്‍ഗണന നല്‍കുന്നതിന്‍റെ സൂചനയായി പങ്കെടുക്കുന്നവരില്‍ 50 ശതമാനം ആളുകളും 50 വയസിന് താഴെ പ്രായമുള്ളവരാണ്. 35 ശതമാനം പേര്‍ 40 വയസിന് താഴെയും 21 ശതമാനം സ്‌ത്രീകളുമാണ്. ഡിജിറ്റല്‍ അംഗത്വ വിതരണ പരിപാടിക്കും പ്രവര്‍ത്തക സമിതി അനുമതി നല്‍കി.