ദുർമന്ത്രവാദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തി
ആന്തരീക അവയവങ്ങൾ നീക്കം ചെയ്ത് മൃതദേഹം വികൃതമാക്കിയ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദുർമന്ത്രവാദത്തിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുട്ടിയെ ഇന്നലെ മുതൽ കാണാതായതോടെ കുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ പ്രദേശത്തെ കാളി ക്ഷേത്രത്തിനു മുൻപിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കുകയും ആന്തരികാവയവങ്ങളെല്ലാം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇത് ദുർമന്ത്രവാദ പ്രവർത്തികളുടെ ഭാഗമാണെന്നാണ് ഗ്രാമീണർ അവകാശപ്പെടുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.