ഹൈദരാബാദ്:ജാതകം, സ്‌ത്രീധനം, പ്രണയം... നിശ്ചയിച്ച വിവാഹം മുടങ്ങാൻ പല കാരണങ്ങളാണ്. എന്നാൽ വരന്‍റെ സുഹൃത്തുക്കൾക്ക് ചിക്കൻ വിളമ്പിയില്ലെന്ന് പറഞ്ഞ് കല്യാണം മുടങ്ങിയെന്നൊക്കെ അറിയുമ്പോൾ ആരായാലും മൂക്കത്ത് വിരൽ വച്ചുപോകും. സംഭവം തെലങ്കാനയിൽ ഹൈദരാബാദിലെ ഷാപൂർനഗറിലാണ്.
'ചിക്കന്‍ ഇല്ലാതെ എന്ത് കല്യാണം', വരന്‍റെ സുഹൃത്തുക്കള്‍ക്ക് കോഴിയിറച്ചി കിട്ടിയില്ല, വിവാഹം മുടങ്ങി
ഹൈദരാബാദിലാണ് വരന്‍റെ സുഹൃത്തുക്കൾക്ക് കോഴിയിറച്ചി കിട്ടിയില്ലെന്നാരോപിച്ച് നിശ്ചയിച്ച വിവാഹം മുടങ്ങിയത്.
ജഗദ്ഗിരിഗുട്ട റിങ്ബസ്‌തി സ്വദേശിയായ വരന്‍റെയും കുത്ബുല്ലാപൂരിൽ നിന്നുള്ള വധുവിന്‍റെയും വിവാഹത്തിനാണ് കോഴിയിറച്ചി കിട്ടിയില്ലെന്നാരോപിച്ച് തർക്കം ഉണ്ടായത്. തിങ്കളാഴ്‌ച നടക്കാനിരുന്ന വിവാഹത്തിന്‍റെ അത്താഴവിരുന്ന് ഞായറാഴ്‌ച ഷാപൂർനഗറിലെ ഒരു ഫംഗ്‌ഷൻ ഹാളിൽ സംഘടിപ്പിച്ചിരുന്നു. വധുവിന്‍റെ കുടുംബം വെജിറ്റേറിയനായതിനാൽ മാംസം അടങ്ങിയ ഭക്ഷണങ്ങളൊന്നും ഇവർ അത്താഴത്തിന് ഒരുക്കിയിരുന്നില്ല.
തുടർന്ന് വിരുന്നിന്‍റെ അവസാനം വരന്‍റെ സുഹൃത്തുക്കൾ, അത്താഴത്തിന് കോഴിയിറച്ചി ഉൾപ്പെടുത്താതിനെ തുടർന്ന് വാക്കേറ്റമുണ്ടാക്കി ഭക്ഷണം കഴിക്കാതെ പോയി. ഇതേത്തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ തർക്കമായി. വധുവിന്‍റെ വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഇരു വീട്ടുകാരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കൗൺസിലിംഗ് നടത്തി. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ ഒത്തുതീർപ്പാക്കി മുടങ്ങിപ്പോയ വിവാഹം ഡിസംബർ 30ന് നടത്താൻ വീട്ടുകാർ തീരുമാനിച്ചു.