കോർബ :ഛത്തീസ്‌ഗഡിലെസര്‍ക്കാര്‍ ആശുപ്രതികളിലും സ്വകാര്യ ആശുപത്രികളിലും അധികൃതരുടെ ഒത്തുകളിയെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വരുന്ന രോഗികളെ ചികിത്സിക്കാതെ ഡോക്‌ടര്‍മാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മൂന്നുവര്‍ഷത്തിനിടെ 3112 പേരാണ് മരിച്ചത്. ഇ.ടി.വി ഭാരത് സംഘം നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ സംഭവം പുറത്തായത്.
ട്രൈബൽ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം, ഛത്തീസ്‌ഗഡിലെ ആദിവാസികള്‍ ബഹുഭൂരിപക്ഷവും അധിവസിക്കുന്ന ജില്ലകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് സംഭവം. 995 ഗർഭിണികൾ ഉൾപ്പെടെ 3112 പേരാണ് കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചത്. ബൽറാംപൂർ, ബസ്‌തർ, ബീജാപൂർ, ദന്തേവാഡ, ജഷ്‌പൂർ, കാങ്കർ, കൊണ്ടഗാവ്, കോർബ, കൊരിയ, നാരായൺപൂർ, സുക്‌മ, സൂരജ്‌പൂർ, സർഗുജ എന്നീ പ്രദേശങ്ങളിലെ ആദിവാസി ജനവിഭാഗമാണ് പൊതുജനാരോഗ്യ സംവിധാനത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരിക്കുന്നത്.
ചികിത്സിച്ചത് ലൈസന്‍സില്ലാത്ത ആശുപത്രി
ശരിയായ ചികിത്സ ലഭിക്കാതെ മൂവായിരത്തിലേറെ പേര്‍ മരിച്ചിട്ടും അതിനെതിരെ ഊര്‍ജിതമായ നടപടി സ്വീകരിക്കാനോ ചികിത്സ ലഭ്യമാക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സർക്കാർ നടപടികളില്ലാത്തതിനെ തുടര്‍ന്നാണ് നിലവില്‍ ഈ തട്ടിപ്പ് സംഘം തഴച്ചുവളരുന്നത്. കൊർവ സമുദായത്തിൽപ്പെട്ട 56 കാരി സുനി ബായി ലൈസൻസില്ലാത്ത സ്വകാര്യ ആശുപത്രിയിൽ മരിച്ചതിനെ തുടര്‍ന്നാണ് ഇ.ടി.വി ഭാരത് അന്വേഷണം നടത്തിയത്. ഈ സ്‌ത്രീയെ സർക്കാർ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഇവരെ ചികിത്സിച്ച ഡോക്‌ടര്‍, അദ്ദേഹം ജോലി ചെയ്യുന്ന ലൈസന്‍സില്ലാത്ത സ്വകാര്യ ആശുപത്രിയായ ഗീതാദേവി മെമ്മോറിയലിലേക്ക് മികച്ച ചികിത്സ വാഗ്‌ദാനം ചെയ്‌ത് മാറ്റുകയായിരുന്നു.
തുടര്‍ന്ന്, ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യുകയും മൂന്ന് ദിവസം പട്ടിണിക്കിടുകയും ചെയ്‌തു. ശേഷം ഇവര്‍ മരിച്ചു. പ്രതിഷേധമുയര്‍ന്നതോടെ അധികൃതര്‍ ആശുപത്രി സീൽ ചെയ്യുകയും ഡോക്‌ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്‌തു. സംസ്ഥാനത്തെ ഭൂരിഭാഗം ആദിവാസികളും അധിവസിക്കുന്ന ജില്ലകളിൽ 22 ലൈസൻസില്ലാത്ത ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സർക്കാർ ഡോക്‌ടർമാരിൽ ഭൂരിഭാഗവും ഇത്തരം ലൈസൻസില്ലാത്ത സ്വകാര്യ ആശുപത്രികളുടെ ഉടമസ്ഥരോ അത്തരം ആശുപത്രികളില്‍ ജോലി ചെയ്യുന്നവരോ ആണെന്ന് കണ്ടെത്തി. ഏജന്‍റുമാരുടെയും ആശുപത്രി ജീവനക്കാരുടെയും സഹായത്തോടെയാണ് ഇത്തരത്തില്‍ ഡോക്‌ടർമാർ തട്ടിപ്പ് നടത്തുന്നത്. ആദിവാസികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ജനങ്ങളെയാണ് തട്ടിപ്പിനിരയാക്കുന്നത്. ഈ രോഗികളിൽ നിന്ന് വൻ തുക 'റഫറല്‍ തട്ടിപ്പുസംഘം' ഈടാക്കുകയും ചെയ്യുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കുന്ന ഏജന്‍റുമാര്‍ക്ക് വന്‍ കമ്മിഷനാണ് നൽകുന്നത്.
സൗജന്യ ചികിത്സയുള്ളപ്പോള്‍ ഈടാക്കുന്നത് ഭീമമായ തുക