റായ്‌പൂര്‍ :ഛത്തീസ്‌ഗഡില്‍ ഇന്നലെ (നവംബര്‍ 7) നടന്ന ആദ്യഘട്ട നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 71.11 ശതമാനം പോളിങ് ആണെന്ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഖൈരഗഡ്, ചുയിഖദന്‍, ഗണ്ഡായി ജില്ലകളിലായി 76.31 ശതമാനവും ബിജാപൂരില്‍ 40.98 ശതമാനവുമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത് ബിജാപൂരിലാണ്.
ആദ്യഘട്ട വോട്ടെടുപ്പ് :സംസ്ഥാനത്തെ 20 നിയോജക മണ്ഡലങ്ങളിലാണ് ഇന്നലെ (നവംബര്‍ 7) ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായത്. 20 നിയോജക മണ്ഡലങ്ങളില്‍ 10 എണ്ണത്തില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. ബാക്കി പത്തിടങ്ങളില്‍ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിയോടെ അവസാനിച്ചു.
രാവിലെ 7 മണി മുതല്‍ തന്നെ വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തി വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ദുര്‍ഗ് ഡിവിഷനിലെ മൊഹ്‌ല-മാൻപൂർ, ബസ്‌തര്‍ ഡിവിഷനിലെ അന്തഗഡ്, ഭാനുപ്രതാപ്പൂർ, കാങ്കർ, കേഷ്‌കൽ, കൊണ്ടഗാവ്, നാരായൺപൂർ, ദന്തേവാഡ, ബീജാപൂർ, കോന്ത എന്നിവിടങ്ങളിലാണ് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. ഖൈരഗഡ്, ഡോംഗർഗഡ്, രാജ്‌നന്ദ്ഗാവ്, ഡോംഗർഗാവ്, ഖുജ്ജി, ബസ്‌തര്‍, ജഗ്‌ദൽപൂർ, ചിത്രകോട്ട്, പണ്ടാരിയ, കവർധ എന്നിവിടങ്ങളിലാണ് 8 മണി മുതല്‍ 5 മണി വരെ വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്തെ നക്‌സലേറ്റ് ആക്രമണ സാധ്യത കണക്കിലെടുത്താണ് വോട്ടെടുപ്പ് ഇത്തരത്തില്‍ ക്രമീകരിച്ചത്. 20 നിയോജക മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 25 വനിതകള്‍ അടക്കം 223 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 40,78,681 വോട്ടര്‍മാരാണ് സമ്മതിദായക അവകാശം രേഖപ്പെടുത്തിയത്. ഇതില്‍ 20,84,675 പേര്‍ സ്‌ത്രീ വോട്ടര്‍മാരും 19,93, 937 പേര്‍ പുരുഷ വോട്ടര്‍മാരുമാരും 69 പേര്‍ മറ്റ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.