ചെന്നൈ : റേസിങ് മോട്ടോർസൈക്കിൾ അലക്ഷ്യമായി ഓടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ 41.42 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. ചെന്നൈ പാലവക്കത്ത് ഇസിആർ റോഡരികിൽ വച്ചുണ്ടായ ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് വാഹനത്തിന്‍റെ ഉടമയായ ബൈക്ക് യാത്രികന്‍റെ പിതാവില്‍ നിന്നാണ് കോടതി നഷ്‌ടപരിഹാരം ഈടാക്കാന്‍ ഉത്തരവിട്ടത്. മോട്ടോർ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ചീഫ് ജഡ്‌ജി ടി ചന്ദ്രശേഖരനാണ് വിധി പ്രസ്‌താവിച്ചത്.
റേസിങ് ബൈക്ക് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവം ; 41.42 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി - നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
ചെന്നൈ പാലവക്കത്ത് റേസിങ് മോട്ടോർസൈക്കിൾ അലക്ഷ്യമായി ഓടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബൈക്ക് യാത്രികനും പിതാവും 41.42 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് കോടതി
2018 ജൂലൈ 15ന് പുലർച്ചെയാണ് കേസിനാസ്‌പദമായ സംഭവം. പാലവക്കത്ത് സുഹൃത്തിനൊപ്പം ചായക്കടയിലേക്ക് പോകുന്നതിനിടെ കാല്‍നടയാത്രക്കാരനായ ജോസഫ് എന്നയാളെ ബൈക്ക് യാത്രികനായ ദിനേശ് കുമാർ ഇടിച്ചിടുകയായിരുന്നു. പ്ലംബറും ഫുഡ് ഡെലിവറി ഏജന്‍റുമായിരുന്നു മരിച്ച ജോസഫ്. ദിനേശ് കുമാറിന്‍റെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
വാഹനം ഇൻഷുറൻസ് ചെയ്യാത്തതിനാലും ദിനേശ് കുമാറിന് ആവശ്യമായ ലൈസൻസ് ഇല്ലാത്തതിനാലും ബൈക്ക് യാത്രികനും പിതാവിനും മരണത്തില്‍ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഫയൽ ചെയ്‌ത തീയതി മുതൽ 7.5 ശതമാനം പലിശ സഹിതം മൂന്ന് മാസത്തിനുള്ളിൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കണമെന്ന് കോടതി അറിയിച്ചു. മരിച്ചയാളുടെ മാതാവും ഭാര്യയും ആവശ്യപ്പെട്ട നഷ്‌ടപരിഹാരത്തുകയുടെ ഏതാണ്ട് ഇരട്ടിയോളം വരുന്ന 41.42 ലക്ഷം നഷ്‌ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.