തമിഴ്നാട് പ്രളയം : നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ചെന്നൈ:അപ്രതീക്ഷിത പ്രളയത്തില്‍ വിറങ്ങലിച്ച് തമിഴ്‌നാട്. നിരവധി ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നത്. നൂറുകണക്കിന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. നിറയെ ആളുകളുമായി ട്രെയിന്‍ പോലും കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. ഇതിനകം പത്തുപേര്‍ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്‍റെ സഹായം ലഭ്യമാക്കിയിട്ടുണ്ട് (Chennai Flood rescue operations). കഴിഞ്ഞ ദിവസം ശക്തമായ മഴയുണ്ടായ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തിരുനെല്‍വേലിയില്‍ തകര്‍ന്ന റോഡ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. അതേസമയം തൂത്തുക്കുടിയില്‍ വിമാനസര്‍വീസുകളടക്കമുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.
പലയിടങ്ങളിലും റെയില്‍വേ ട്രാക്കുകള്‍ തകര്‍ന്നതും വെള്ളം കയറിയതും കാരണം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഒറ്റപ്പെട്ടുപോയ ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ രംഗത്തുണ്ട്. സമീപകാലത്തൊന്നും ഇത്രയും കനത്ത മഴ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
പലയിടങ്ങളിലും നാല്‍പ്പത് സെന്‍റിമീറ്ററിലധികം മഴയാണ് ഒറ്റ ദിവസം പെയ്തത്. തൂത്തുക്കുടി ജില്ലയിലെ കായില്‍പ്പട്ടണത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഒറ്റ ദിവസം മാത്രം ഇവിടെയുണ്ടായത് 95 സെന്‍റിമീറ്റര്‍ മഴയാണ്. താമ്രപര്‍ണി നദിയിലേക്ക് 1.25 ലക്ഷം ക്യുസെക്സ് വെള്ളം ഒഴുക്കിവിട്ടതും രണ്ട് ജില്ലകളെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കി. പലയിടങ്ങളിലും വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
സംസ്ഥാനത്തിന് അടിയന്തരമായി 7033 കോടി രൂപയുടെ സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ സുസ്ഥിരപരിഹാരങ്ങള്‍ക്കായി 12,659 കോടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ സൈനികരെ വിട്ടുനല്‍കണമെന്നും ഹെലികോപ്‌റ്ററുകള്‍ ലഭ്യമാക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനോടും എംകെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പൊലീസ് സേനയില്‍ നിന്നുള്ള 130 പേരും എസ്‌ഡിആര്‍എഫ്, സൈന്യം എന്നിവയില്‍ നിന്നുള്ള 168 അംഗങ്ങളും രക്ഷാദൗത്യങ്ങള്‍ക്ക് രംഗത്തുണ്ട്. 17000ത്തിലേറെ പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇവരെ 160 താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 34000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഇതിനുപുറമെ 13500 ഭക്ഷണപ്പൊതികള്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ വഴിയും വിതരണം ചെയ്തിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്ന് 4000 ട്രക്കുകള്‍ ഭക്ഷണവുമായി പോയിട്ടുണ്ട്. 323 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. രാമനാഥപുരം ജില്ലയില്‍ നിന്ന് 50 ബോട്ടുകള്‍ കൂടി എത്തിക്കുമെന്ന് ചീഫ് സെക്രട്ടറി ശിവദാസ് മീണ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുനെല്‍വേലിയില്‍ മാത്രം ഏഴുപേര്‍ മരിച്ചു. തൂത്തുക്കുടിയില്‍ മൂന്നാണ് മരണം. വെള്ളം ഇറങ്ങിക്കഴിഞ്ഞാലേ മരണസംഖ്യയുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ. നാശനഷ്ടങ്ങള്‍ പൂര്‍ണമായി കണക്കാക്കിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തെങ്കാശി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിളനാശം ഉണ്ടായിരിക്കുന്നത്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യങ്ങള്‍ നഷ്ടമായവരുടെ വേദനകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ചത്ത ആടുകളുടെ കൂട്ടത്തില്‍ ജീവനുള്ളവ വല്ലതും അവശേഷിക്കുന്നുണ്ടോ എന്ന് തിരയുന്ന ആട്ടിടയന്‍മാരുടെ ദൃശ്യങ്ങളും കാണാം.
Also Read:800 യാത്രക്കാരുമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയിട്ട് രണ്ട് ദിവസം, തിരുച്ചെന്തൂർ എക്‌സ്‌പ്രസില്‍ രക്ഷപ്രവർത്തനം തുടരുന്നു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയ തിരുച്ചെന്തൂര്‍ എക്‌സ്‌പ്രസില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് മുതല്‍ ശ്രീവൈകുണ്ഠത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ഈ ട്രെയിന്‍. തിങ്കളാഴ്ച വൈകുന്നേരം വരെ വ്യോമസേനയ്ക്ക് മോശം കാലാവസ്ഥ മൂലം ഇവിടേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളക്കെട്ടിനെ വകവയ്ക്കാതെ നാട്ടുകാര്‍ ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകും. മഴ നിലച്ചാലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ ദിവസങ്ങള്‍ വേണ്ടിവരും.