ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്കെത്തിക്കാന്‍ നാല് മാസത്തിലേറെയായി ദക്ഷിണാഫ്രിക്കയില്‍ ക്വാറന്‍റൈനില്‍ പാര്‍പ്പിച്ചിരിക്കുന്ന ഒരു ഡസന്‍ ചീറ്റകളുടെ ആരോഗ്യത്തില്‍ ആശങ്ക. മുന്‍നിശ്ചയിച്ച പ്രകാരമുള്ള കരാറിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കാനിരിക്കെയാണ് ചീറ്റകളുടെ ഫിറ്റ്‌നസില്‍ ആശങ്കയെന്ന വിവരമെത്തുന്നത്. അതേസമയം ഈ വര്‍ഷം സെപ്‌റ്റംബര്‍ പകുതിയോടെ നമീബിയയില്‍ നിന്നെത്തിച്ച് കുനോ ദേശീയോധ്യാനത്തില്‍ തുറന്നുവിട്ട എട്ട് ചീറ്റകള്‍ക്കൊപ്പം തന്നെയാകും ഇവയേയും തുറന്നുവിടുക.
ആരാണ് ആ ദക്ഷിണാഫ്രിക്കന്‍ അതിഥികള്‍: ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ചീറ്റകളും ഉള്‍പ്പടെ 12 ദക്ഷിണാഫ്രിക്കന്‍ ചീറ്റകളെയാണ് ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ബോമസിലേക്ക് (ചെറിയ കൂടുകളില്‍) മാറ്റിയതിന് ശേഷം ഈ ചീറ്റകള്‍ ഒരിക്കല്‍ പോലും വേട്ടയാടിയിട്ടില്ലെന്ന് ഇന്ത്യയില്‍ ഇവയെ പുനരധിവസിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാവുന്ന വിദഗ്‌ധര്‍ പറയുന്നു. മാത്രമല്ല പ്രോജക്‌റ്റ് ചീറ്റ നടപ്പാക്കാമെന്ന് ദക്ഷിണാഫ്രിക്ക ഇന്ത്യയുമായി ധാരണാപത്രം (എംഒയു) ഒപ്പിട്ടിട്ടില്ല എന്നും ഇവര്‍ വ്യക്തമാക്കുന്നു.
വെറുതെ ഇരുന്ന് മടി പിടിച്ചോ: ഇതില്‍ തന്നെ മൂന്ന് ചീറ്റകള്‍ ക്വാസുലു-നടാൽ പ്രവിശ്യയിലെ ഫിൻഡ ക്വാറന്‍റൈൻ ബോമയിലും മറ്റ് ഒമ്പതെണ്ണം ലിംപോപോ പ്രവിശ്യയിലെ റൂയ്‌ബര്‍ഗ് ക്വാറന്‍റൈന്‍ ബോമയിലുമാണുള്ളത്. കൂടാതെ ജൂലൈ 15 ന് ശേഷം ഇവ ഒരിക്കല്‍ പോലും വേട്ടയാടിയിട്ടുമില്ല. അതുകൊണ്ടുതന്നെ വെറുതെയിരിക്കുന്ന മനുഷ്യരെ പോലെ ഇവയ്‌ക്കും ഭാരം വര്‍ധിച്ചേക്കാമെന്നും ഓടുന്ന ഒരു മൃഗത്തിനുണ്ടാകുന്ന ശാരീരിക ക്ഷമതയും പേശികളുടെ ശക്തിയും ഇവയ്‌ക്ക് കുറയാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒപ്പിട്ടോ, ഇല്ലയോ?:ചീറ്റകളെ കൈമാറുന്നത് സംബന്ധിച്ച ധാരണാപത്രം ഒപ്പിടുന്നതിലെ കാലതാമസത്തെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി വനം, ഫിഷറീസ് മന്ത്രി ബാർബറ ക്രീസിയോട് കഴിഞ്ഞയാഴ്‌ച ചോദിച്ചപ്പോള്‍ ചീറ്റകളെ സ്ഥലം മാറ്റുന്നതിനുള്ള ഇന്ത്യൻ നിർദേശം അംഗീകരിച്ചതായാണ് അറിയിച്ചതെന്ന് വിദഗ്‌ധൻ പറയുന്നു. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരിക കരാറിൽ ഒപ്പുവയ്‌ക്കാനുള്ള നിർദേശം ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് അംഗീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.
എല്ലാം കലക്കി, പക്ഷെ: കരയിലെ ഏറ്റവും വേഗതയേറിയ സസ്‌തനികളെ ഇന്ത്യയില്‍ പാര്‍പ്പിക്കുന്ന വന്യജീവി സങ്കേതത്തിലെ ക്രമീകരണങ്ങൾ മനസിലാക്കാനായി സെപ്‌റ്റംബറില്‍ ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘം കുനോ ദേശീയോധ്യാനം സന്ദര്‍ശിച്ചിരുന്നതായി വന്യജീവി ഗവേഷകര്‍ അറിയിച്ചു. കെഎൻപിയിലെ ക്രമീകരണങ്ങളിൽ പ്രതിനിധി സംഘം തൃപ്‌തരായിരുന്നുവെന്നും ധാരണാപത്രം ഈ മാസം ഒപ്പുവയ്‌ക്കുമെന്നാണ് കരുതുന്നതെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം മധ്യ ദക്ഷിണാഫ്രിക്കൻ ചീറ്റകളെ സ്വീകരിക്കാൻ തങ്ങളും തയ്യാറാണെന്ന് മധ്യപ്രദേശ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് ജെ.എസ് ചൗഹാനും പ്രതികരിച്ചു.
പുള്ളിപ്പുലികള്‍ അപകടമോ?:അതേസമയം കായികക്ഷമതയില്‍ നേരിയ ക്ഷീണമുള്ള ദക്ഷിണാഫ്രിക്കന്‍ ചീറ്റകള്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യയിലെ പുള്ളിപ്പുലികളുടെ ഇവയോടുള്ള സമീപനം എങ്ങനെയായിരിക്കുമെന്നും വിദഗ്‌ധര്‍ ആശങ്കപ്പെടുന്നു. കാരണം ആഫ്രിക്കയില്‍ ചീറ്റകളെ പുള്ളിപ്പുലികള്‍ ആക്രമിക്കാറുണ്ട്. മാത്രമല്ല ദക്ഷിണാഫ്രിക്കയില്‍ പുള്ളിപ്പുലികളുടെ ആക്രമണത്തില്‍ ഒമ്പത് ശതമാനം ചീറ്റകളാണ് മരണത്തിനിരയാകുന്നത്. അങ്ങനെയെങ്കില്‍ ബഫർ സോൺ ഉൾപ്പെടെ 1200 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കുനോ ദേശീയോധ്യാനത്തിലെ 70 മുതൽ 80 വരെ എണ്ണമുള്ള പുള്ളിപ്പുലികൾ ഇവയെ എങ്ങനെ സമീപിക്കുമെന്നതും ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്.
പണ്ടേ സൗഹൃദത്തില്‍:എന്നാല്‍ ഇന്ത്യയിലേക്കെത്തുന്ന ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ പുള്ളിപ്പുലികള്‍ക്കിടയിലാണ് ജനിച്ചുവളര്‍ന്നത് എന്നതാണ് വിദഗ്‌ധര്‍ ഈ ആശങ്കയ്‌ക്ക് നല്‍കുന്ന മറുപടി. മാത്രമല്ല രാജ്യത്ത് ഇവയ്‌ക്ക് വംശനാശം സംഭവിക്കുന്നതിന് മുമ്പ് നൂറ്റാണ്ടുകളോളം ചീറ്റകളും പുള്ളിപ്പുലികളും സഹവര്‍ത്തിത്വത്തോടെയാണ് ജീവിച്ചിരുന്നത് എന്ന പഴയകാല അനുഭവങ്ങളും ഇവര്‍ പങ്കുവയ്‌ക്കുന്നു.
ആദ്യമെത്തിയ അതിഥികള്‍:ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യൻ മണ്ണില്‍ നിന്നും വിട പറഞ്ഞ ചീറ്റ വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ 17നാണ്. ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്നുള്ള ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോ നാഷണല്‍ പാർക്കിലേക്ക് തുറന്നു വിട്ടത്. 30 മുതൽ 66 മാസം വരെ പ്രായമുള്ള മൂന്ന് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് അന്ന് പറന്നെത്തിയത്.
അതേസമയം 1947ല്‍ നിലവിലെ ഛത്തീസ്‌ഗഡിലെ കോരിയ ജില്ലയിലാണ് ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചാകുന്നത്. തുടര്‍ന്ന് 1952 ല്‍ ഇന്ത്യയില്‍ ചീറ്റകളുടെ വംശനാശം പൂര്‍ണമായി സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് 2009 ല്‍ യുപിഎ സര്‍ക്കാരിലെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ തിരികെയെത്തിക്കുക എന്ന ആശയത്തില്‍ 'പ്രോജക്‌റ്റ് ചീറ്റ' അവതരിപ്പിക്കുന്നത്.