ഹൈദരാബാദ്: സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത് മോഹൻലാല്‍ നായകനായി അഭിനയിച്ച ' സൻമനസുള്ളവർക്ക് സമാധാനം' എന്ന സിനിമയില്‍ നടൻ തിലകന്‍റെ കഥാപാത്രമായ ദാമോദർജി മോഹൻലാലിന്‍റെ കഥാപാത്രത്തെ കെട്ടിപ്പിടിച്ചുകൊണ്ട് പറയുന്നൊരു ഡയലോഗുണ്ട്. 'ഇതിലും ധൈര്യം ഞാനെന്‍റെ ചാൾസ് ശോഭരാജിലേ കണ്ടിട്ടുള്ളൂ'...സംഗതി കോമഡി സീനാണെങ്കിലും ചാൾസ് ശോഭരാജ് എന്ന പേര് മലയാളി കേട്ടറിഞ്ഞത് അന്നത്തെ മാധ്യമങ്ങളിലൂടെ മാത്രമായിരിക്കും.
ആയിരങ്ങളുടെ സമാധാനവും സ്വൈര്യ ജീവിതവും തകർത്ത, അനൗദ്യോഗിക കണക്കുകൾ പ്രകാരം മുപ്പതോളം പേരെ ക്രൂരമായ മനോവൈകൃതത്താല്‍ കൊന്നുതള്ളിയ കൊടും ക്രമിനലിന്‍റെ പേരായിരുന്നു അത്....തിഹാർ ജയിലിനെയും ഉദ്യോഗസ്ഥരെയും കൈവെള്ളയില്‍ അമ്മാനമാടിയ ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ബവ്‌നാനി...ഒരിക്കല്‍ പോലും കുറ്റസമ്മതം നടത്താത്ത ചെയ്‌ത ക്രൂരതകളില്‍ പശ്‌ചാത്തപിക്കാത്ത ജയില്‍ ജീവിതം പോലും ആഘോഷമാക്കിയ ചാൾസ് ശോഭരാജ് എന്ന പേര് വീണ്ടും മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറയുകയാണ്.
വീണ്ടും ജയിലിന് പുറത്തേക്ക്:നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്‌മണ്ഡുവില്‍ സന്ദർശനത്തിനെത്തിയ രണ്ട് അമേരിക്കൻ ടൂറിസ്റ്റുകളെ കൊന്ന കേസില്‍ 19 വർഷമായി ജയിലില്‍ കഴിഞ്ഞ ശോഭരാജ് ഇന്ന് (23.12.22) ജയില്‍ മോചിതനായി. പ്രായാധിക്യവും മനുഷ്യാവകാശവും പരിഗണിച്ച് കുറ്റവാളിയെ മോചിപ്പിക്കുകയാണെന്നും 15 ദിവസത്തിനകം ഫ്രാൻസിലേക്ക് നാടുകടത്തണമെന്നുമാണ് നേപ്പാൾ കോടതി ഉത്തരവ്. എഴുപത്തിയെട്ട് വയസിനിടെ ഇന്ത്യയിലും നേപ്പാളിലുമായി 40 വർഷത്തോളം തടവറയില്‍ കഴിച്ചുകൂട്ടിയ ശേഷമാണ് ശോഭരാജ് വീണ്ടും ഫ്രാൻസിലേക്ക് നാടുകടത്തപ്പെടുന്നത്. അപ്പോൾ ജയിലിന് പുറത്തായിരുന്ന കുറച്ചുവർഷങ്ങൾ അയാൾ എന്തായിരുന്നുവെന്ന് ചിന്തിക്കാൻ ഇതില്‍ കൂടുതല്‍ അറിയണം...
'പുസ്‌തകം വായിച്ചിട്ട് കിടന്നുറങ്ങാനായില്ല, പിന്നെയാ...': 2015ല്‍ ശോഭരാജിന്‍റെ ജീവിതം ആസ്‌പദമാക്കി ബോളിവുഡില്‍ 'മേം ഓൾ ചാൾസ്' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയിരുവന്നു. അതിനും മുൻപ് പ്രശസ്‌ത മാധ്യമപ്രവർത്തകനായ റിച്ചാർഡ് നെവില്ലെ ശോഭരാജിന്‍റെ ജീവിതം പറയുന്ന പുസ്‌തകം എഴുതി. നെറ്റ്‌ഫ്ലിക്‌സ് ആ പുസ്‌തകം അടിസ്ഥാനമാക്കി 'സെർപന്‍റ്' എന്ന പേരില്‍ വെബ്‌സീരീസാക്കി. 'പുസ്‌തകം വായിച്ചിട്ട് കിടന്നുറങ്ങാനായില്ല. ഇനി സീരീസ് കൂടി കണ്ടാല്‍ എന്താകും അവസ്ഥയെന്നാണ്' അന്ന് നെറ്റ്‌ഫ്ലിക്‌സിനോട് പ്രേക്ഷകർ ചോദിച്ചത്.
നോൺ ഫിക്‌ഷൻ വിഭാഗത്തില്‍ ചാൾസിന്‍റെ ജീവിതം അടിസ്ഥാനമാക്കി, 'സെർപന്‍റൈൻ, ദ ലൈഫ് ആൻഡ് ക്രൈം ഓഫ് ചാൾസ് ശോഭരാജ്, ബിക്കിനി മർഡേഴ്‌സ്', അടക്കം നാല് ജീവചരിത്രങ്ങൾ, മൂന്ന് ഡോക്യുമെന്‍ററികൾ, ഒരു ബോളിവുഡ് സിനിമ, നെറ്റ്‌ഫ്ലിക്‌സ് സീരീസ് എന്നിവയെല്ലാം ലോകം വായിച്ചു... കണ്ടു...
സിനിമക്കഥ പോലെ 78 വർഷങ്ങൾ: 1944ല്‍ വിയറ്റ്‌നാമിലെ ഗൈസോണില്‍ ഇന്ത്യൻ വംശജനായ പിതാവിനും വിയറ്റ്‌നാമീസ് പൗരയായ മാതാവിനും ആദ്യ കുട്ടി ജനിച്ചു. 'ചാൾസ് ഗുരുമുഖ് ശോഭരാജ് ഹോത്ചന്ദ് ബവ്‌നാനി'... എന്നാല്‍ ആ വിവാഹ ബന്ധത്തിന് ശേഷം ചാൾസിന്‍റെ അമ്മ ഒരു ഫ്രഞ്ചുകാരനെ വിവാഹം കഴിച്ചതോടെ ചാൾസിന് വീട്ടില്‍ ലഭിച്ചിരുന്ന പരിഗണനയില്‍ കുറവുണ്ടായി. അതോടെ കൗമാരത്തില്‍ തന്നെ ചില്ലറ മോഷണവും കുറ്റകൃത്യങ്ങളുമായി ശോഭരാജ് സ്വന്തം വഴി കണ്ടെത്തി. അതിനിടെ മോഷണത്തിന്‍റെ പേരില്‍ ജയിലിലുമെത്തി.
1975ല്‍ തെരേസ എന്ന യുവതിയുടെ കൊലപാതകം പുറത്തായതോടെ ചാൾസ് പൊലീസിന്‍റെ നോട്ടപ്പുള്ളിയായി. ഇതിനിടെ ഫ്രഞ്ചു വനിതയേയും അതിനു ശേഷം കനേഡിയൻ വനിതയേയും വിവാഹം കഴിച്ചു. അപ്പോഴേക്കും ഒരു സീരിയല്‍ കില്ലർ എന്ന രൂപത്തിലേക്ക് അയാളുടെ മനോനില മാറിക്കഴിഞ്ഞിരുന്നു. തെക്ക് കിഴക്കൻ ഏഷ്യയിലെ വിനോദ സഞ്ചാരികളായിരുന്നു ചാൾസിന്‍റെ പ്രധാന ഇരകൾ.
സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരന് മുന്നിലെത്തുന്ന ടൂറിസ്റ്റ് യുവതികൾ കൊല്ലപ്പെടുന്നതോടെ സീരിയല്‍ കില്ലർ അതിവേഗം 'ബിക്കിനി കില്ലറായി'. സ്ത്രീകളെ വശീകരിക്കാനുള്ള കഴിവില്‍ തായ്‌ലണ്ടിലെ ടൂറിസ്റ്റ് കേന്ദ്രമായ പട്ടായയില്‍ ചാൾസ് തുടങ്ങിവെച്ച കൊലപാതക പരമ്പരയെ കുറിച്ച് ആദ്യം ആർക്കും പിടികിട്ടിയിരുന്നില്ല.