ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാര്‍നാഥ് ഉള്‍പ്പടെയുള്ള നാല് ധാമുകളിലേക്കുള്ള ചാര്‍ ധാം യാത്ര 2023 ന്‍റെ തീയതികള്‍ പ്രഖ്യാപിച്ച് അധികൃതര്‍. ഗംഗോത്രി, യമുനോത്രി ധാമുകളുടെ കവാടങ്ങൾ ഏപ്രിൽ 22 നും, കേദാർനാഥ് ധാം ഏപ്രിൽ 26 നും, ബദരീനാഥ് ധാം ഏപ്രിൽ 27 നും തുറക്കുമെന്ന് ബദ്‌രി-കേദാർ ക്ഷേത്ര കമ്മിറ്റികളാണ് അറിയിച്ചത്. അതേസമയം എല്ലാ വര്‍ഷവും മേയ് മുതല്‍ ഒക്‌ടോബര്‍ വരെ ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ചാര്‍ ധാമിലേക്കെത്താറുള്ളത്. ഇത്തവണയും ഇത് മാറ്റമില്ലാതെ തുടരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതുല്യം, അത്ഭുതം ഈ ബദരീനാഥ്: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഗർവാൾ നിരകളിലായാണ് ഏറെ പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 'ചാർ ധാം' എന്നറിയപ്പെടുന്ന നാല് പുരാതന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബദരീനാഥ് അല്ലെങ്കിൽ ബദരീനാരായണ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്.
ഒരേയൊരു ബദരി:മഹാവിഷ്‌ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം ഏഴ് മുതല്‍ ഒമ്പത് നൂറ്റാണ്ടിലാണ് നിര്‍മിച്ചതെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ അതിനുചുറ്റുമുള്ള പ്രദേശവും ബദരീനാഥ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,133 മീറ്റർ (10,279 അടി) ഉയരത്തിലുള്ള ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്.
'ചാര്‍ ധാം' എന്ന തീര്‍ഥാടകരുടെ പറുദീസ:യമുനോത്രി, ഗംഗോത്രി, കേദാർനാഥ് എന്നിവയാണ് ചാര്‍ ധാമില്‍ ഉൾപ്പെടുന്ന മറ്റ് ക്ഷേത്രങ്ങള്‍. കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് ആറ് മാസവും ഈ ക്ഷേത്രങ്ങള്‍ അടച്ചിടാറാണ് പതിവ്. ഉത്തരകാശി ജില്ലയിലാണ് ഗംഗോത്രിയും യമുനോത്രി ധാമും സ്ഥിതി ചെയ്യുന്നത്. ഇതില്‍ ഏറെ പ്രാധാന്യമുള്ള ഹൈന്ദവ തീർഥാടന കേന്ദ്രമാണ് ഗംഗോത്രി.
ഇവിടെ നിന്നും 19 കിലോമീറ്റർ അകലെയാണ് ഗോമുഖ്. ഗംഗാ നദി ഉത്‌ഭവിക്കുന്ന ഗംഗോത്രി ഹിമാനിയുടെ അവസാനമാണ് ഇവിടം. സമുദ്രനിരപ്പിൽ നിന്ന് 3042 മീറ്റർ ഉയരത്തിലായാണ് ഗംഗോത്രിയിലെ ഗംഗാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 18-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഗൂർഖ കമാൻഡർ അമർ സിംഗ് ഥാപയാണ് ഈ ക്ഷേത്രം നിർമിച്ചത്. എന്നാല്‍ ജയ്‌പുര്‍ രാജകുടുംബമാണ് നിലവിലുള്ള ക്ഷേത്രം പുതുക്കിപ്പണിതത്.
ചരിത്രമുറങ്ങുന്ന ക്ഷേത്രങ്ങള്‍: ഉത്തരകാശി ജില്ലയിൽ തന്നെ സമുദ്രനിരപ്പിൽ നിന്ന് 3235 മീറ്റർ ഉയരത്തിലായാണ് യമുനോത്രി ധാം സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള യമുന ദേവിയുടെ ക്ഷേത്രത്തിലേക്ക് ഋഷികേശിൽ നിന്ന് 210 കിലോമീറ്ററും ഹരിദ്വാറിൽ നിന്ന് 255 കിലോമീറ്ററും ദൂരമുണ്ട്. ചാര്‍ ധാമില്‍ ഉള്‍പ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് കേദാര്‍നാഥ് ക്ഷേത്രം.
രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവ കാലാവസ്ഥ പ്രതികൂലമായതിനാൽ ഏപ്രിൽ മുതൽ നവംബർ വരെ മാത്രമാണ് തീര്‍ഥാടകര്‍ക്കായി തുറന്നുകൊടുക്കാറുള്ളത്. പാണ്ഡവരുടെ ചെറുമകനായ ജൻമജയ മഹാരാജാവാണ് കത്യുരി ശൈലിയിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്.