ശ്രീഹരിക്കോട്ട: ചന്ദ്രന്‍റെ ആരുംകാണാത്ത ദക്ഷിണ ധ്രുവത്തില്‍ (South Pole) വിജയകരമായി പറന്നിറങ്ങി ഭാരതത്തിന്‍റെ അഭിമാനമുയര്‍ത്തി ചന്ദ്രയാന്‍ 3. സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) തത്സമയം സംപ്രേക്ഷണം ചെയ്‌തിരുന്നുവെങ്കിലും തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ചന്ദ്രയാന്‍ 3 ന്‍റെ വിജയം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്‍ (ISRO) അറിയിച്ചത്. ഓരോ ഇന്ത്യക്കാരനുമായി ചന്ദ്രയാന്‍ അയച്ച സന്ദേശം പോലെയായിരുന്നു ഐഎസ്‌ആര്‍ഒയുടെ വിജയ വിളംബരം.
ഇന്ത്യ. ഞാന്‍ ലക്ഷ്യത്തിലെത്തിയിരിക്കുന്നു, നിങ്ങളും എന്ന് ചന്ദ്രയാന്‍ 3 അറിയിക്കുന്നതായി ആയിരുന്നു ഐഎസ്‌ആര്‍ഒയുടെ ട്വീറ്റ്. ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്‌റ്റ് ലാന്‍ഡ് ചെയ്‌തുവെന്നും രാജ്യത്തിന് അഭിനന്ദനവും അറിയിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.
Also Read: Chandrayaan 3 Landing Challenges 'ചന്ദ്രോപരിതലത്തില്‍ പേടകം ഇറക്കുന്നത് എളുപ്പമല്ല'; മുന്‍ ചാന്ദ്രദൗത്യ തലവന്‍ മയില്‍സാമി അണ്ണാദുരൈ
എല്ലാ ഘട്ടങ്ങളും പങ്കുവച്ച് ഐഎസ്‌ആര്‍ഒ: എന്നാല്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ഓരോ ഘട്ടവും ഐഎസ്‌ആര്‍ഒ ജനങ്ങളുമായി പങ്കുവച്ചിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നുവെന്നും സിസ്‌റ്റങ്ങളെല്ലാം പതിവ് പരിശോധനയ്‌ക്ക് വിധേയമാക്കുന്നുണ്ടെന്നും ഐഎസ്‌ആര്‍ഒ ഔദ്യോഗിക എക്‌സ് കുറിപ്പില്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നിലവില്‍ സുഗമമായ സഞ്ചാരമാണെന്ന് അറിയിച്ചതുവഴി ഐഎസ്‌ആര്‍ഒ ഇന്ത്യന്‍ പ്രതീക്ഷയ്‌ക്ക് ചിറക് മുളപ്പിച്ചിരുന്നു.
ചന്ദ്രയാന്‍ 3 ന്‍റെ യാത്ര: ഏറെ ദൈര്‍ഘ്യമേറിയതായിരുന്നു ചന്ദ്രയാന്‍ 3 ന്‍റെ സഞ്ചാരം. ജൂലൈ 14ന് വിക്ഷേപിച്ച അന്നുമുതല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഓഗസ്റ്റ് 23 വരെ 41 ദിവസം കൊണ്ടാണ് ചാന്ദ്ര ദൗത്യം പൂര്‍ത്തിയായത്. മാത്രമല്ല വിക്ഷേപണം മുതല്‍ ഇതുവരെയുള്ള ഘട്ടങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ചന്ദ്രയാന്‍ 3ന് കഴിഞ്ഞിരുന്നു.
ഐഎസ്‌ആര്‍ഒയുടെ ഏറ്റവും വലിയ റോക്കറ്റിലായിരുന്ന എല്‍വിഎം 3 (LVM 3) ലായിരുന്നു ചന്ദ്രയാന്‍ പേടകം വിക്ഷേപിച്ചത്. തുടര്‍ച്ചയായ മൂന്ന് വിജയകരമായ വിക്ഷേപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഈ വിക്ഷേപണവും. വിക്ഷേപണം നടന്ന് 16 മിനിറ്റിനുളളില്‍ തന്നെ റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രയാന്‍ പേടകം ഭുമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും ചെയ്‌തു.
ഇവിടെ നിന്നും ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രന്‍റെ പരിക്രമണ പാതയില്‍ എത്തിയ ചന്ദ്രയാന്‍, തുടര്‍ന്ന് ഇവിടെ നിന്നുമാണ് ഭ്രമണപഥം താഴ്ത്തി ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമാക്കിയത്. ഇതിന് ശേഷമാണ് സേഫ് ലാന്‍ഡിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ഐഎസ്‌ആര്‍ഒ ആരംഭിച്ചതും.
ഒടുവില്‍ ചരിത്രമായി സോഫ്‌റ്റ് ലാന്‍ഡിങ്: ചന്ദ്രയാന്‍ രണ്ടാം ദൗത്യവും ഈ ഘട്ടം വരെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സേഫ് ലാന്‍ഡിങ് മാത്രമാണ് പ്രതീക്ഷിച്ചത് പോലെ നടക്കാതെ പോയത്. ആ പിഴവുകളില്‍ നിന്നുള്ള പാഠങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാണ് ഐഎസ്‌ആര്‍ഒ ചന്ദ്രയാന്‍ 3 എന്ന പുതിയ കാല്‍വയ്പ്പിന് ഇറങ്ങിയതും, നിലവില്‍ ഇന്നേവരെ ആരും തൊടാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാനമായി ചെന്നിറങ്ങിയതും.