ഹൈദരാബാദ്:ഓഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) നടത്തിയതിന് ശേഷം വിക്രം ലാന്‍ഡറില്‍ (Vikram Lander) നിന്നും പ്രഗ്യാന്‍ റോവര്‍ (Pragyan Rover) ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്‌ആര്‍ഒ (ISRO). ബഹിരാകാശത്ത് നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങള്‍ എക്‌സില്‍ (X) പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചത്. 'ഹിയര്‍ ഈസ് ഹൗ ചന്ദ്രയാന്‍ 3 റോവര്‍ റാപ്പേര്‍ഡ് ഡൗണ്‍ ഫ്രം ലാന്‍ഡര്‍ ടു ലൂണാര്‍ സര്‍ഫേസ്' എന്നാണ് ദൃശ്യങ്ങള്‍ക്ക് പിന്നാലെ ഐഎസ്‌ആര്‍ഒ (ISRO) എക്‌സില്‍ കുറിച്ചത്.
സോഫ്‌റ്റ് ലാന്‍ഡിങ്ങില്‍ ഉയര്‍ന്ന പൊടികളെല്ലാം അടങ്ങിയെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടെ പ്രഗ്യാന്‍ റോവര്‍ ലാന്‍ഡറില്‍ നിന്ന് പുറത്തിറക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. സോളാര്‍ പാനലുകളില്‍ (Solar panel) വെളിച്ചം വീഴുന്നുണ്ടെന്ന് ഉറപ്പാക്കിയതിന് പിന്നാലെയാണ് റോവറിന് ഇറങ്ങാനുള്ള റാംപ് (Ramp) തുറന്ന് കൊടുത്തത്. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിജയകരമായി റാംപില്‍ നിന്നും പ്രഗ്യാന്‍ റോവര്‍ (Pragyan Rover) ചന്ദ്രോപരിതലത്തില്‍ (Lunar Surface) ഇറങ്ങിയത്.
26 കിലോഗ്രാം തൂക്കവും ആറ് ചക്രങ്ങളുമുള്ള പ്രഗ്യാന്‍ റോവര്‍ (Pragyan Rover) വിക്രം ലാന്‍ഡറിന്‍റെ (Vikram Lander) റാംപ് തുറന്ന് പതുക്കെയാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്. റോവര്‍ ഇനി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് കൂടുതല്‍ ശാസ്‌ത്ര പഠനങ്ങള്‍ നടത്തും. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്‌ത്രജ്ഞര്‍.
ചന്ദ്രോപരിതലത്തിലെ പാറകളുടെ രൂപീകരണത്തിന് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി റോവറില്‍ ലേസര്‍ ഇന്‍ഡ്യൂസ്‌ഡ് ബ്രേക്ക് ഡൗണ്‍ സ്‌പെക്‌ട്രോമീറ്ററും (Laser Induced Breakdown Spectroscope (LIBS)) ചന്ദ്രോപരിതലത്തിന്‍റെ രാസഘടന മനസിലാക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്‌ട്രോമീറ്റര്‍ (Alpha Particle X-Ray Spectrometer) എന്നീ രണ്ട് ഉപകരണങ്ങളാണ് പ്രഗ്യാന്‍ റോവറില്‍ ഉള്ളത്. റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ഈ രണ്ട് ഉപകരണങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ലാന്‍ഡറിലേക്കും തുടര്‍ന്ന് ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ (Orbiter) വഴി ബെംഗളൂരുവിലെ (Bengaluru) ഐഎസ്‌ആര്‍ഒ (ISRO) ട്രാക്കിങ് സെന്‍ററിലേക്കും എത്തും.