ബെംഗളൂരു : ചന്ദ്രയാൻ 3 (Chandrayaan 3) പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ (images of Lunar) ഐഎസ്ആർഒ (ISRO) പുറത്തുവിട്ടു. ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് കാമറ (എൽഎച്ച്‌ഡിഎസി) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ കാമറ.
ഐഎസ്ആർഒയുടെ പ്രധാന ഗവേഷണ വികസന കേന്ദ്രമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്‌പേസ് ആപ്ലിക്കേഷൻസ് സെന്‍റർ (Ahmedabad-based Space Applications Centre) ആണ് ഈ കാമറ വികസിപ്പിച്ചെടുത്തത്. ചന്ദ്രയാൻ 3 ന്‍റെ ദൗത്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, എൽഎച്ച്‌ഡിഎസി (LHDAC) പോലുള്ള നിരവധി നൂതന സാങ്കേതികവിദ്യകൾ ലാൻഡറിൽ (Lander) നിലവിലുണ്ടെന്നാണ് ബഹിരാകാശ ഏജൻസി പറയുന്നത്. ചന്ദ്രയാൻ 3 പകർത്തിയ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ ഐഎസ്ആർഒ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തു.
'ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്‌ഡൻസ് ക്യാമറ (LHDAC) പകർത്തിയ ലൂണാർ ഫാർ സൈഡ് ഏരിയയുടെ ചിത്രങ്ങൾ ഇതാ. പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാൻഡിംഗ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ഈ ക്യാമറ, വികസിപ്പിച്ചെടുത്തത് സ്‌പേസ് ആപ്ലിക്കേഷൻസ് സെന്‍റർ (SAC) ആണ്.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഐഎസ്ആർഒ പങ്കുവച്ചത്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23ന് വൈകിട്ട് ആറ് മണിക്ക് ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യിക്കാനാണ് ലക്ഷ്യം.
ചന്ദ്രയാൻ 2ന് പിന്നാലെ ചന്ദ്രയാൻ 3 : ഏറെ പ്രതീക്ഷ വച്ചിരുന്ന ചന്ദ്രയാന്‍ 2ന്‍റെ (Chandrayaan 2) പരാജയത്തിന് ശേഷമുള്ള ഇന്ത്യയുടെ ദൗത്യമാണ് ചന്ദ്രയാന്‍ 3. ചന്ദ്രയാന്‍ 2ന് സമാനമായ ലാന്‍ഡറും റോവറും ചന്ദ്രയാന്‍ 3ല്‍ ഉണ്ട്. എന്ന ചന്ദ്രയാൻ 3ൽ ചന്ദ്രയാൻ 2ലേത് പോലെ ഓര്‍ബിറ്റര്‍ ഇല്ല. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്‌റ്റ് ലാന്‍ഡിങ് (Chandrayaan 3 Soft landing) നടത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ചന്ദ്രയാന്‍ 3യ്‌ക്ക് 250 കോടി രൂപയാണ് ചെലവ്. (ലോഞ്ച് വെഹിക്കിള്‍ ചെലവ് ഒഴികെ).
ചന്ദ്രയാന്‍ 2ന്‍റെ പോരായ്‌മകള്‍ പരിഹരിച്ചാണ് ചന്ദ്രയാൻ 3 തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്‌ടപ്പെട്ടതിന് പിന്നാലെ സോഫ്‌റ്റ് ലാന്‍ഡിങ്ങിന്‍റെ അവസാന ഘട്ടത്തിൽ ചന്ദ്രയാന്‍ 2 പരാജയപ്പെടുകയായിരുന്നു. സോഫ്‌റ്റ്‌വെയര്‍ തകരാറിലായതോടെ വേഗത നിയന്ത്രിക്കുന്നതില്‍ വീഴ്‌ച വന്നതോടെ ക്രഷ് ലാന്‍ഡിങ് ഉണ്ടാകുകയായിരുന്നു.
ചന്ദ്രയാന്‍ 3ന് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാകാതിരിക്കാന്‍ എല്ലാ മുൻകരുതലുകളും ഐഎസ്‌ആര്‍ഒ സ്വീകരിച്ചിട്ടുണ്ട്. ചാന്ദ്രയാന്‍ 3ല്‍ ഉള്ളത് സോഫ്‌റ്റ് ലാന്‍ഡിങ്ങിന് സഹായകമാകുന്ന ലളിതമാക്കിയ പേലോഡുകളാണ്. അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്‌ഡന്‍സ് കാമറകള്‍ രണ്ടെണ്ണവും ഘടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിരവധി സജ്ജീകരണം ഉള്ളതിനാല്‍ ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ്ങില്‍ ഐഎസ്‌ആര്‍ഒയ്‌ക്ക് വൻ പ്രതീക്ഷയാണ് ഉള്ളത്.
Also read :Chandrayaan 3 Soft landing 'ചന്ദ്രനെ വാനോളം കണ്ട്': ചന്ദ്രയാൻ 3 സോഫ്‌റ്റ് ലാന്‍ഡിങ്ങ് ഓഗസ്റ്റ് 23ന് വൈകിട്ട് 5.45ന്