ന്യൂഡൽഹി :ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസില്‍ ചേക്കേറിയതിന് തൊട്ടുപിന്നാലെ മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രയോയുടെ 'സെഡ്' (Z) കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്രം. 'വൈ' കാറ്റഗറിയിലേക്കാണ് സുരക്ഷ ചുരുക്കിയത്. കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ ശിപാർശയിലാണ് നടപടിയെന്നാണ് കേന്ദ്രവിശദീകരണം.
കഴിഞ്ഞ ജൂലൈയിൽ മോദി മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട സുപ്രിയോയ്ക്ക് സിആർപിഎഫിന്റെ സായുധ സേനാംഗങ്ങളാണ് സുരക്ഷ നൽകിയിരുന്നത്. വൈ കാറ്റഗറിയിലേക്ക് സുരക്ഷ മാറുന്നതോടെ ആറ് മുതൽ ഏഴ് സുരക്ഷ ഉദ്യോഗസ്ഥരിൽ നിന്ന് രണ്ട് പേരായി ചുരുങ്ങും.
പൊതുവെ വിവിഐപികൾക്കും അധിക ഭീഷണി നേരിടുന്ന വ്യക്തികൾക്കുമാണ് കേന്ദ്രതലത്തിൽ സുരക്ഷ ഏർപ്പെടുത്തുന്നത്. വ്യക്തികളുടെ പദവി അടിസ്ഥാനത്തിൽ സെഡ് പ്ലസ് എന്ന ഏറ്റവും ഉയർന്ന കാറ്റഗറിയിൽ തുടങ്ങി സെഡ്, വൈ പ്ലസ്, വൈ, എക്സ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.