ന്യൂഡൽഹി: ഛത്തീസ്‌ഗഢിൽ ഓൺലൈൻ വാതുവയ്‌പ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കവേ 22 ബെറ്റിങ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് (Bhupesh Baghel) 508 കോടി രൂപ കോഴ നൽകിയെന്ന ആരോപണത്തിൽ ഉൾപ്പെട്ട മഹാദേവ് ബുക്ക് ആപ്പ് ഉൾപ്പെടെ 22 അനധികൃത വാതുവയ്‌പ്പ് ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെയാണ് കേന്ദ്രസർക്കാർ നടപടിയെടുത്തത് (Centre Blocks 22 Illegal Betting Apps And Websites Including Mahadev Book App). മഹാദേവ് ബുക്ക് ആപ്പിനെക്കൂടാതെ റെഡ്ഡിയന്നപ്രെസ്റ്റോപ്രോ എന്ന ആപ്പും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) ആണ് ആപ്പുകൾ നിരോധിച്ച് ഉത്തരവിറക്കിയത്.
അതേസമയം ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം വെബ്‌സൈറ്റ്/ആപ്പ് അടച്ചുപൂട്ടാൻ ശുപാർശ ചെയ്യാൻ ഛത്തീസ്‌ഗഢ് സർക്കാരിന് എല്ലാ അധികാരവും ഉണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar) പറഞ്ഞു. എന്നാൽ അവർ അങ്ങനെ ചെയ്‌തില്ല, കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാന സർക്കാർ ഈ ആപ്പുകളെപ്പറ്റി അന്വേഷണം നടത്തുമ്പോഴും അവർ ഇത്തരമൊരു അഭ്യർഥന നടത്തിയിട്ടില്ല. ഒടുവിൽ ഇഡിയുടെ അഭ്യർഥനപ്രകാരം മാത്രമാണ് ആപ്പുകൾ നിരോധിച്ചത്. ഛത്തീസ്‌ഗഢ് സർക്കാരിന് സമാനമായ അഭ്യർഥനകൾ നടത്താൻ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മഹാദേവ് വാതുവയ്‌പ്പ് ആപ്പിന്‍റെ (Mahadev betting App) പ്രൊമോട്ടർമാർ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയതായാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സംസ്ഥാനത്തു നിന്ന് 5.39 കോടി രൂപ പിടിച്ചെടുത്തതിന് പിന്നാലെ ഇഡി അറസ്‌റ്റ് ചെയ്‌ത അസിം ദാസ് എന്നയാളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പേര് ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.