ന്യൂഡൽഹി : സിബിഎസ്ഇ പരീക്ഷയുടെയും പ്രൊഫഷണൽ കോഴ്സുകളിലേക്കുമുളള പ്രവേശന പരീക്ഷയുടെയും കാര്യത്തിൽ എന്ത് ചെയ്യാൻ ആകുമെന്ന് സംസ്ഥാനങ്ങൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കേന്ദ്രം. മെയ് 25 ന് മുമ്പ് നിർദേശങ്ങൾ കൈമാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു.
'പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാർക്കും വിദ്യാഭ്യാസ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നു. പ്രധാനമന്ത്രി വിഭാവനം ചെയ്തതുപോലെ യോഗം വളരെ ഫലപ്രദമായിരുന്നു. വളരെ വിലപ്പെട്ട നിർദേശങ്ങള്‍ ലഭിച്ചു. മെയ് 25 നകം വിശദമായ നിര്‍ദേശങ്ങള്‍ അയയ്ക്കാൻ സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു' - പൊഖ്രിയാൽ ട്വീറ്റ് ചെയ്തു.
പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളെക്കുറിച്ചുളള അന്തിമ തീരുമാനം എത്രയും വേഗം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മനസ്സിലുള്ള അനിശ്ചിതത്വം മനസ്സിലാകും. എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read:ഓപ്പറേഷൻ സമുദ്രസേതു II : മെഡിക്കൽ ഉപകരണങ്ങളുമായി ഐഎൻഎസ് ജലാശ്വ വിശാഖപട്ടണത്ത്
പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷയും പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയും സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിമാരായ രമേഷ് പൊഖ്രിയാൽ നിഷാങ്ക്, പ്രകാശ് ജാവദേക്കർ, സ്മൃതി ഇറാനി, സഞ്ജയ് ധോത്രെ എന്നിവരും പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരീക്ഷകളുടെ തിയ്യതിക്ക് അന്തിമരൂപം നൽകുന്നതിനെക്കുറിച്ചും ആലോചിച്ചുവരികയാണെന്ന് പൊഖ്രിയാൽ ശനിയാഴ്ച സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പരാമര്‍ശിച്ചിരുന്നു.