ന്യൂഡല്‍ഹി:മൂന്ന് സേന വിഭാഗങ്ങളിലായി 1,35,891 പോസ്‌റ്റുകള്‍ ഒഴിവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. ഛത്തീസ്‌ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ദീപക് ബേയിജിന്‍റെ ചോദ്യത്തിന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് കരസേനയിലേയും നാവിക സേനയിലേയും, വ്യോമസേനയിലേയും ഒഴിവുകള്‍ സംബന്ധിച്ച കണക്ക് വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളത് കരസേനയിലാണ്.
മൂന്ന് സേന വിഭാഗങ്ങളിലായി 1,35,891 ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ - കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍
അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായി സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പുരോഗമിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ലോക്‌സഭയില്‍ വ്യക്തമാക്കി.
2022 ജൂലായ് ഒന്നിലെ കണക്ക് പ്രകാരം കരസേനയില്‍ 1,18,485 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബര്‍ 30ലെ കണക്ക് പ്രകാരം നാവികസേനയില്‍ 11,587 ഒഴിവുകളും വ്യോമസേനയില്‍ 5,189 ഒഴിവുകളും ഉണ്ടെന്ന് അജയ് ഭട്ട് നല്‍കിയ കണക്കില്‍ വ്യക്തമാക്കുന്നു.
ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസേഴ്‌സ് / മറ്റ് റാങ്കുകളിലായുള്ള (JCOs/OR) 40,000 ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാവിക സേനയിലെ അഗ്‌നീവീറിലേക്കായി 3,000 അപേക്ഷകളും, വ്യോമസേനയിലെ അഗ്‌നിവീര്‍വായുവിലേക്കായി 3,000 അപേക്ഷകളും ക്ഷണിച്ചിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അറിയിച്ചു. അഗ്‌നിപഥ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ജവാന്‍ തലത്തിലുള്ളവരുടെ റിക്യൂട്ട്മെന്‍റ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിരോധ സഹമന്ത്രി പറഞ്ഞു.