ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിച്ച ജില്ലകളിൽ രണ്ടാമത് സെൻട്രൽ ഡൽഹിയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് മൺസൂൺ കാലമായി കണക്കാക്കപ്പെടുന്നത്.
സെൻട്രൽ ഡൽഹിയിൽ 8.5 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇത്തവണത്തെ മൺസൂണിൽ ലഭിച്ചതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് സാധാരണ ലഭിക്കുന്ന മഴയായ 53.3 ല്‍ നിന്നും 84 ശതമാനം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കുറവ് കിസ്‌ത്വാറില്‍
രാജ്യത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല ജമ്മു കശ്‌മീരിലെ കിസ്‌ത്വാറാണ്. ഇവിടെ കേവലം 5 എംഎം മാത്രമാണ് ലഭിച്ചത്. സാധാരണ 68.4 എംഎം മഴയാണ് ലഭിക്കാറുള്ളത്. ഇത്തവണ 93 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, കിഴക്കൻ ഡൽഹിയിൽ സാധാരണ ലഭിക്കുന്ന 53.3 എംഎം മഴയ്ക്ക് പകരം 19.2 എംഎം ആണ് ലഭിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ 20.7 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്, ഇത് സാധാരണയേക്കാൾ 61 ശതമാനം കുറവാണ്, ദക്ഷിണ ഡൽഹിയിൽ 22.2 മില്ലിമീറ്റർ മഴയും ലഭിച്ചു. ഇത് സാധാരണയേക്കാൾ 58 ശതമാനം കുറവാണ്.
Also Read:മുംബൈയിലെ 50 % കുട്ടികൾക്കും കൊവിഡ് വന്നുപോയെന്ന് പഠനം
തെക്ക് പടിഞ്ഞാറൻ ഡൽഹി, ന്യൂഡൽഹി എന്നിവിടങ്ങളിലെ കണക്ക് യഥാക്രമം 29.6, 27.7 എന്നിങ്ങനെയാണ്. ഇത് സാധാരണ ലഭിക്കുന്നതിൽ നിന്നും 50 ശതമാനം കുറവാണെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. വടക്കൻ ഡൽഹിയിൽ 37.7 എംഎം മഴയും വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ 29.8 എംഎം മഴയും ലഭിച്ചിട്ടുണ്ട്.
പശ്ചിമ ഡൽഹിയിൽ മാത്രമാണ് ഇതുവരെ ശരാശരി മഴയായ 53.5 എംഎം ലഭിച്ചിട്ടുള്ളത്. ഡൽഹിയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ സമീപ പ്രദേശങ്ങളിലും ആദ്യത്തെ മൺസൂൺ മഴയ്ക്കായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
കേരളത്തിൽ രണ്ടുദിവസം വൈകിയാണ് ഇക്കുറി മൺസൂൺ എത്തിയത്. എന്നാൽ, ഏഴ് മുതൽ 10 ദിവസത്തിനുള്ളിൽ മൺസൂൺ മേഘങ്ങൾ രാജ്യത്തിന്‍റെ കിഴക്ക്, മധ്യ, വടക്കുപടിഞ്ഞാറൻ മേഖലകളിലേക്ക് വ്യാപിച്ചു.
സാധാരണഗതിയിൽ, ജൂൺ 27 നകം മൺസൂൺ ഡൽഹിയിൽ എത്തേണ്ടതാണ്. ഇത് ജൂലൈ എട്ടിനകം രാജ്യമാകെ വ്യാപിക്കുന്നതുമാണ് പതിവ്. കഴിഞ്ഞ വർഷം ജൂൺ 25നായിരുന്നു മൺസൂൺ മേഘങ്ങൾ ഡൽഹിയിലെത്തിയത്. തുടർന്ന്, ജൂൺ 29ഓടെ രാജ്യത്താകമാനം വ്യാപിക്കുകയും ചെയ്‌തിരുന്നു.