കേരളം

kerala

ETV Bharat / bharat

ഒഡിഷ ട്രെയിന്‍ അപകടം: സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി, മരിച്ചവരുടെ പുതിയ കണക്ക് പുറത്തുവിട്ട് ചീഫ് സെക്രട്ടറി - ഒഡിഷ ട്രെയിന്‍ അപകടം

പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് ട്രെയിന്‍ അപകടത്തില്‍ സിബിഐ അന്വേഷണം

Odisha train tragedy exact death toll  train tragedy exact death toll latest updates  Odisha train tragedy  ഒഡിഷ ട്രെയിന്‍ ദുരന്തം
ഒഡിഷ ട്രെയിന്‍ ദുരന്തം

By

Published : Jun 4, 2023, 7:26 PM IST

Updated : Jun 4, 2023, 7:46 PM IST

ഭുവനേശ്വർ:ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ട്രെയിന്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് റെയില്‍വേ ബോര്‍ഡ് ശുപാര്‍ശ ചെയ്‌തുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്രവര്‍ത്തനം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. റെയില്‍വേ ഗതാഗതം പുന:സ്ഥാപിക്കാനുളള പ്രവര്‍ത്തികള്‍ തുടരുകയാണെന്നും ട്രാക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെന്നും വയറിങ് ജോലികളാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. നേരത്തേ 288 പേര്‍ മരിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ കണക്ക് സംസ്ഥാന ചീഫ് സെക്രട്ടറി ഇന്ന് അറിയിച്ചത്.

275 മൃതദേഹങ്ങളില്‍ 88 എണ്ണം തിരിച്ചറിയുകയും അതില്‍ 78 എണ്ണം ബന്ധപ്പെട്ട കുടുംബങ്ങൾക്ക് കൈമാറിയിട്ടുമുണ്ട്. 187 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 10 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതുവരെ 170 മൃതദേഹങ്ങൾ ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്ക് മാറ്റി. 17 എണ്ണം കൂടി തലസ്ഥാന നഗരിയിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരണസംഖ്യ സംബന്ധിച്ച് ഇപ്പോള്‍ ജില്ല കലക്‌ടര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുണ്ട്. 1175 പേര്‍ക്കാണ് പരിക്കേറ്റത്. ഇത്രയും പേരെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. 336 പേരെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 382 ആണെന്നും ചീഫ് സെക്രട്ടറി പ്രദീപ് ജെന മാധ്യമങ്ങളോട് വ്യക്തമാക്കി.

'ട്രെയിൻ നീങ്ങിയത് ഗ്രീന്‍ സിഗ്‌നലിനെ തുടര്‍ന്ന്':ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതിന് ശേഷമാണ് ട്രെയിൻ മുന്നോട്ട് നീങ്ങിയതെന്ന് അപകടത്തില്‍ പരിക്കേറ്റ കോറമണ്ഡല്‍ ലോക്കോപൈലറ്റ് പറഞ്ഞതായി റെയിൽവേ ബോർഡ്. ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് ഇടയാക്കിയ കാരണം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് റെയിൽവേ ബോർഡ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹയാണ് വിശദീകരിച്ചത്.

ALSO READ |ഒഡിഷ ട്രെയിന്‍ ദുരന്തം: രക്ഷപ്രവർത്തനം പൂർത്തിയായതായി റെയില്‍വേ മന്ത്രാലയം, ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയവും

'പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് സിഗ്‌നല്‍ നല്‍കിയതില്‍ ചില പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഇപ്പോഴും റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.' - റെയിൽവേ ബോർഡ് ഓപറേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് അംഗം ജയ വർമ സിൻഹ വ്യക്തമാക്കി.

'ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല':'കോറമണ്ഡല്‍ എക്‌സ്പ്രസാണ് അപകടത്തിൽ പെട്ടത്. ട്രെയിൻ മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിലായിരുന്നു. ഇരുമ്പയിര് കയറ്റി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിട്ടില്ല. ഇരുമ്പയിര് കയറ്റിയ ചരക്ക് തീവണ്ടിയില്‍ ഇടിച്ചതുകൊണ്ടുകൂടിയാണ് കോറമണ്ഡല്‍ എക്‌സ്‌പ്രസിന് വന്‍ തോതില്‍ ആഘാതമേറ്റത്. ഇതാണ് മരണ സംഖ്യയും പരിക്കുകളും ഉയരാന്‍ കാരണം.' - ജയ വർമ സിൻഹ വിശദീകരിച്ചു.

READ MORE |'ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു'; വിശദ റിപ്പോർട്ടിനായി കാത്തിരിക്കുന്നെന്ന് റെയിൽവേ ബോർഡ് അംഗം

Last Updated : Jun 4, 2023, 7:46 PM IST

ABOUT THE AUTHOR

...view details