ന്യൂഡൽഹി : 90-ാമത് ഇന്‍റർപോൾ ജനറൽ അസംബ്ലിക്ക് മുന്നോടിയായി ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുറന്ന് സിബിഐ. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ്, എൻഐഎ എന്നീ അന്വേഷണ ഏജൻസികളിൽ നിന്ന് വ്യത്യസ്‌തമായി സിബിഐ സമൂഹ മാധ്യമങ്ങളെ ഇത്രയും നാൾ ഒരു കൈ അകലത്തിൽ നിർത്തിയിരിക്കുകയായിരുന്നു. പരമ്പരാഗത രീതിയിൽ പ്രസ് റിലീസുകളിലൂടെയായിരുന്നു വിവരങ്ങൾ അറിയിച്ചിരുന്നത്.
എന്നാൽ 195 രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്‍റർപോൾ ജനറൽ അസംബ്ലിക്ക് മുന്നോടിയായി സമൂഹ മാധ്യമങ്ങളിലും ഒരു കൈ പരീക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു സിബിഐ. CBI_CIO എന്ന യൂസർ ഐഡി ഉപയോഗിച്ചാണ് ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവയിൽ അക്കൗണ്ടുകൾ തുറന്നിരിക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഇന്‍റര്‍നെറ്റിൽ പ്രചരിക്കുന്ന ബാല ലൈംഗിക ദുരുപയോഗ വസ്തുക്കൾ എന്നീ വിഷയങ്ങളിലാണ് ഒക്ടോബർ 18 മുതൽ ആരംഭിക്കുന്ന ജനറൽ അസംബ്ലി ശ്രദ്ധ കേന്ദ്രീകരിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതാണ് ജനറൽ അസംബ്ലി. 1997ലാണ് അവസാനമായി ഇന്‍റര്‍പോള്‍ ജനറൽ അസംബ്ലിക്ക് ഇന്ത്യയിൽ വേദിയൊരുങ്ങിയത്.
ഇത്തവണ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിന്‍റെ തലേന്ന് നടന്ന വോട്ടെടുപ്പിൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. ഇന്ത്യ സന്ദർശന വേളയിൽ ഇന്‍റര്‍പോള്‍ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കിനോട് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുസംബന്ധിച്ച് താല്‍പര്യം അറിയിച്ചിരുന്നു.
195 അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഇന്‍റർപോളിന്‍റെ പരമോന്നത ഭരണസമിതിയാണ് ജനറൽ അസംബ്ലി. മന്ത്രിമാർ, പൊലീസ് മേധാവികൾ, ഇന്‍റർപോൾ നാഷണൽ സെൻട്രൽ ബ്യൂറോകളുടെ തലവന്മാർ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരാകും ഓരോ അംഗരാജ്യത്തെയും പ്രതിനിധീകരിക്കുന്നത്. 1949ലാണ് ഇന്ത്യ ഇന്‍റർപോൾ എന്നറിയപ്പെടുന്ന ദി ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷനിൽ അംഗമാകുന്നത്. ഇന്‍റർപോളിലെ ഏറ്റവും പഴയ അംഗങ്ങളിലൊന്നാണ് ഇന്ത്യ.
1923ലാണ് ഇന്‍റർനാഷണൽ ക്രിമിനൽ പൊലീസ് കമ്മിഷൻ (ICPC) എന്ന പേരിൽ ഇന്‍റർപോൾ സ്ഥാപിതമാകുന്നത്. ഫ്രാൻസിലെ ലിയോണിലാണ് ആസ്ഥാനം. 1946ൽ ഏജൻസിയുടെ ടെലിഗ്രാഫിക് വിലാസമായിരുന്നു ഇന്‍റർപോൾ എന്നത്. 1956ൽ ഏജൻസിയുടെ പൊതുനാമമായി ഇന്‍റർപോൾ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍റർപോളിന്‍റെ നാഷണൽ സെൻട്രൽ ബ്യൂറോ ഓഫ് ഇന്ത്യയുടെ ഭാഗമായാണ് സിബിഐ നിയോഗിക്കപ്പെട്ടത്. ഇന്‍റർപോൾ ഇൻപുട്ടുകളെ അടിസ്ഥാനമാക്കി അടുത്തിടെ നടത്തിയ രണ്ട് ഓപ്പറേഷനുകളിൽ സിബിഐ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഓൺലൈൻ ചൈൽഡ് സെക്ഷ്വൽ മെറ്റീരിയലുകൾക്കെതിരെയുള്ള ഓപ്പറേഷൻ മേഘ ചക്രയിലും, മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷൻ ആയ ഗരുഡിലുമാണ് സിബിഐ പങ്കെടുത്തത്.