ന്യൂഡല്‍ഹി : ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരില്ലാതെ ഡല്‍ഹി എക്സൈസ് അഴിമതി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ഹൈദരാബാദിലെ വ്യവസായി, മദ്യവ്യാപാരിയായ ഒരാള്‍, ഒരു വാര്‍ത്ത ചാനലിന്‍റെ തലവന്‍, എക്‌സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ പ്രത്യേക സിബിഐ ജഡ്‌ജി എം.കെ നാഗ്‌പാലിന് മുമ്പാകെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതെങ്കിലും അന്വേഷണം സംഘം സമര്‍പ്പിച്ച നിലവിലെ കുറ്റപത്രത്തില്‍ സിസോദിയയുടെ പേരില്ലെന്നത് ശ്രദ്ധേയമാണ്.
പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 120-ബി (ക്രിമിനൽ ഗൂഢാലോചന), അഴിമതി നിരോധന നിയമപ്രകാരമുള്ള കൈക്കൂലി വകുപ്പുകൾ എന്നിവ ചുമത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സിസോദിയയുടെ കൂട്ടാളിയായ ദിനേശ് അറോറയെയും കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയിട്ടുണ്ട്. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി ലൈസന്‍സ് ലഭിക്കാനായി മദ്യ വ്യാപാരികളില്‍ നിന്ന് വന്‍ തുക കോഴ വാങ്ങിയെന്നും എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.