ന്യൂഡൽഹി:കേന്ദ്രമന്ത്രിയായിരിക്കെ 5.53 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. രാജയുടെ അനുയായിയായ സി കൃഷ്‌ണമൂർത്തി 2007 ജനുവരിയിൽ കോവൈ ഷെൽട്ടേഴ്‌സ് എന്ന കമ്പനി സ്ഥാപിച്ച് ഗുരുഗ്രാം ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിന്ന് അതേ വർഷം ഫെബ്രുവരിയിൽ 4.56 കോടി രൂപ കാഞ്ചീപുരത്ത് സ്ഥലം വാങ്ങിയതിന് കമ്മീഷനായി സ്വീകരിച്ചു എന്നാണ് കേസ്.
2015ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അന്വേഷണങ്ങൾക്കൊടുവിൽ ഈ വർഷം ഓഗസ്റ്റിനാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന് വേണ്ടിയുള്ള ഭൂമി ഇടപാട് അല്ലാതെ കമ്പനി മറ്റ് റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, കമ്പനി പിന്നീട് കോയമ്പത്തൂരിൽ കൃഷിഭൂമി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.