ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമണ സമയത്തെ ജമ്മു കശ്മീർ ഗവർണർ സത്യപാല്‍ മാലിക്കിനോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവസ്‌റ്റിഗേഷൻ (സിബിഐ). കേന്ദ്രഭരണ പ്രദേശത്തെ ഇന്‍ഷുറന്‍സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് സത്യപാല്‍ മാലികിനോട് ഹാജരാകാന്‍ സിബിഐ ആവശ്യപെട്ടിട്ടുള്ളത്. അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് വ്യക്തമാക്കിയുള്ള മാലിക്കിന്‍റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണം എന്നതും ശ്രദ്ധേയമാണ്.
മറുപടിയുമായി സത്യപാല്‍ മാലിക്: സിബിഐ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചുവെന്ന് സത്യപാല്‍ മാലിക് തന്നെയാണ് അറിയിച്ചത്. ചില വ്യക്തതകൾക്കായി സിബിഐ, ഏജൻസിയുടെ അക്ബർ റോഡ് ഗസ്‌റ്റ് ഹൗസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. താന്‍ രാജസ്ഥാനിലേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏപ്രില്‍ 27 മുതല്‍ 29 വരെ തന്നെ ലഭ്യമാകുമെന്ന് മറുപടി നല്‍കിയതായും സത്യപാല്‍ മാലിക് വ്യക്തമാക്കി.
എന്തായിരുന്നു അഴിമതി:അഴിമതിയുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക്കിനെ 2022 ലും സിബിഐ ചോദ്യം ചെയ്‌തിരുന്നു. ജമ്മു കശ്‌മീരിലെ കിരു ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാര്‍ രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി എന്നതുമായി ചേര്‍ത്ത് സിബിഐ രണ്ട് എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിരുന്നു. മാത്രമല്ല റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി ബ്രോക്കേഴ്‌സ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളെ സിബിഐ എഫ്‌ഐആറിൽ പ്രതികളാക്കി പരാമർശിക്കുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഈ വിവാദ ആരോഗ്യ ഇൻഷുറൻസ് പദ്ധതി 2018 ഓഗസ്‌റ്റിൽ നടന്ന യോഗത്തിൽ അന്ന് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലികായിരുന്നു അംഗീകാരം നല്‍കിയത്.