ബെംഗളൂരു :കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകൾ നാളെ കർണാടകയിൽ ബന്ദ് ആചരിക്കും. (Cauvery Water Dispute). കന്നഡ അനുകൂല സംഘടനാപ്രവർത്തകരായ വട്ടാൽ നാഗരാജ്, സാറാ ഗോവിന്ദു, പ്രവീൺ ഷെട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളാണ് കർണാടക ബന്ദ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കൂടാതെ ചില സംഘടനകള്‍ ധാർമിക പിന്തുണ അറിയിച്ചിട്ടുമുണ്ട്(Pro Kannada Group Call For Karnataka Bandh).
ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷക അനുകൂല സംഘടനകളും ദളിത് സംഘടനകളും ഉൾപ്പടെ ഇരുന്നൂറിലധികം പ്രസ്ഥാനങ്ങള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച ബെംഗളൂരുവിൽ ബന്ദ് നടത്തിയിരുന്നു. ബുധനാഴ്‌ച തുറന്ന വാഹനത്തിൽ റാലി നടത്തിയ വട്ടാൽ നാഗരാജുവും മറ്റ് പ്രവർത്തകരും ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകള്‍, കട ഉടമകൾ എന്നിവരോട് ബന്ദുമായി സഹകരിക്കാൻ അഭ്യർഥിച്ചിരുന്നു. ടൗൺഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ നാളെ പ്രതിഷേധ റാലി നടത്തുമെന്നും ഇത് തടയരുതെന്ന് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
പിന്തുണച്ച് വിവിധ സംഘടനകൾ :കന്നഡ സിനിമ വ്യവസായത്തിന്‍റെ എല്ലാ പ്രവർത്തനങ്ങളും താത്‌കാലികമായി നിർത്തിവയ്ക്കുമെന്നും പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ അഭിനേതാക്കളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.
സംസ്ഥാനത്തെ ദുരിതപൂർണമായ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനും ശരിയായ നീതി ലഭ്യമാക്കുന്നതിനും വേണ്ടി കന്നഡ അനുകൂല സംഘടനകളും, കർഷക അനുകൂല സംഘടനകളും ആഹ്വാനം ചെയ്‌ത ബന്ദിന് ബെംഗളൂരു നഗർ ജില്ല കന്നഡ സാഹിത്യ പരിഷത്ത് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകുന്നത് സംബന്ധിച്ച് അതത് ജില്ല കമ്മിഷണർമാരുടെ നേതൃത്വത്തിൽ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്ന് സ്വകാര്യ സ്‌കൂളുകൾ അറിയിച്ചു. അതേസമയം സർക്കാർ സ്‌കൂളുകൾക്കും കോളജുകൾക്കും അവധിയില്ല.