മുംബൈ : വിമാനത്തിനുള്ളിൽ ക്യാബിൻ ക്ര്യൂ അംഗത്തിനെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്‌ത് മുംബൈ പൊലീസ്. വ്യാഴാഴ്‌ച ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്ബെർഗ് (63) എന്ന സ്വീഡിഷ് പൗരനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതായി അധികൃതർ അറിയിച്ചു.
ഇൻഡിഗോ വിമാനത്തിൽ നാല് മണിക്കൂർ നീണ്ട ബാങ്കോക്ക് മുംബൈ യാത്രയ്‌ക്കിടെയാണ് സ്വീഡിഷ് പൗരൻ 24 കാരിയായ ക്യാബിൻ ക്ര്യൂ അംഗത്തിന് നേരെ മോശമായി പെരുമാറിയത്. മദ്യപിച്ചെത്തിയ ഇയാൾ ക്യാബിൻ ക്ര്യൂ അംഗത്തിനോട് മോശമായി സംസാരിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് മറ്റ് ക്യാബിൻ ക്ര്യൂ അംഗങ്ങളും യാത്രക്കാരും ചേർന്ന് ഇയാളെ സീറ്റിൽ പിടിച്ചിരുത്തി.
പിന്നാലെ വിമാനം മുംബൈയിൽ ലാൻഡ് ചെയ്‌ത ഉടൻ എയർലൈൻ ജീവനക്കാർ വെസ്റ്റ്ബെർഗിനെ ലോക്കൽ പൊലീസിന് കൈമാറുകയായിരുന്നു. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 20,000 രൂപയുടെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. കേസിന്‍റെ വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്.
വിമാനത്തിനുള്ളിലെ പ്രശ്‌നങ്ങൾ തുടർക്കഥ : അതേസമയം വിമാനത്തിനുള്ളിലെ ആക്രമണ സംഭവങ്ങൾ പതിവായിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സുരക്ഷ സംബന്ധിച്ച് ജീവനക്കാരും യാത്രക്കാരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്‌ച ഗൊരഖ്‌പൂരിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽ ഒരു യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു. ശൗചാലയത്തിൽ പുക ഉയർന്നതിനെത്തുടർന്നുണ്ടായ അലാറം കേട്ടായിരുന്നു ഇയാളെ വിമാനത്തിലെ ഉദ്യോഗസ്ഥർ പിടികൂടിയത്.