പട്‌ന: ബിഹാറിലെ പൂര്‍ണിയയില്‍ വിവാഹാഘോഷ യാത്രക്കിടെ വാഹനാപകടം. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്ക്.
കാറിലുണ്ടായിരുന്ന മൂന്ന് വയോധികരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. അരാരിയയിൽ നിന്ന് ഖഗാരിയയിലേക്ക് വിവാഹാഘോഷ യാത്ര പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കില്‍ ഇടിക്കുകയായിരുന്നു.
മരങ്ക ബൈപ്പാസില്‍ വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയെ തുടര്‍ന്ന് കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ജിഎംഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഹിമാചലിലും സമാന സംഭവം:കഴിഞ്ഞ ദിവസമാണ് മാണ്ഡി ജില്ലയിലെ കര്‍സോഗില്‍ നിയന്ത്രണം വിട്ട ബസ് 300 അടി താഴ്‌ചയിലേക്ക് മറിഞ്ഞത്. പിഞ്ചു കുഞ്ഞുള്‍പ്പെടെ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. 12 പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്.
47 പേരാണ് ബസിലുണ്ടായിരുന്നത്. ഉത്തര്‍ പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരുന്ന ബസാണ് താഴ്‌ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കൂള്‍ ബസ് അപകടം:പത്തനംതിട്ട റാന്നിയിലാണ് സ്‌കൂള്‍ തുറന്ന ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.