ന്യൂഡൽഹി :പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു അടുത്തിടെ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്.
പഞ്ചാബ് സർക്കാരിനെതിരെ വിമർശനം ഉയത്തുന്ന സിദ്ദുവിന്‍റെ നടപടി സർക്കാരിന്‍റെ സുഗമമായ നടത്തിപ്പിന് തടസമുണ്ടാക്കുമെന്നും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുമെന്നും മുഖ്യമന്ത്രി സോണിയയോട് പരാതിപ്പെട്ടു.
പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ച് ദിവസങ്ങൾക്കകമാണ് സോണിയ ഗാന്ധിക്ക് മുന്നിൽ സിദ്ദുവിനെതിരെ പരാതിയുമായി മുഖ്യമന്ത്രി എത്തുന്നത്.
സർക്കാരിനെ വെട്ടിലാക്കി സിദ്ദു
ചൊവ്വാഴ്‌ച സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് അദ്ദേഹം ഇക്കാര്യം ധരിപ്പിച്ചത്. പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റ ശേഷം, മുഖ്യമന്ത്രി പാർട്ടി അധ്യക്ഷയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്.
വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന ഘടകത്തിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്തിനോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായി ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷവും സിദ്ദു സർക്കാരിനെതിരെ ട്വിറ്ററിലൂടെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു.
2018ൽ മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ടെന്ന് ആരോപണം നേരിടുന്ന അകാലി ദൾ നേതാവ് ബിക്രം മജീദയയ്‌ക്കും കൂട്ടാളികൾക്കുമെതിരെ കാര്യമായ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഒടുവിൽ സിദ്ദു വിമർശനം ഉന്നയിച്ചത്.
സർക്കാരിനെതിരെ കൊമ്പുകോർക്കുന്ന സിദ്ദുവിന്‍റെ വിമർശനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിനയാകുമെന്ന് ക്യാപ്‌റ്റൻ ആശങ്ക അറിയിച്ചു.
READ MORE:പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു: രാഹുൽ ഗാന്ധി
അതേസമയം മുഖ്യമന്ത്രിയും സിദ്ദുവും സഹകരിച്ച് പ്രവർത്തിക്കുന്നത് മാത്രമാണ് ഈ വിഷയത്തിൽ ഏക പരിഹാരമെന്ന് സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരും പാർട്ടി സംസ്ഥാന ഘടകവും ഒന്നിച്ച് നിൽക്കണമെന്നും വിപരീതോദ്ദേശം ഇരു വിഭാഗത്തിനും ഉണ്ടാകരുതെന്നും കോൺഗ്രസ് അധ്യക്ഷ നിർദേശിച്ചു.