കൊൽക്കത്ത : നൊബേൽ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെന്നിന്‍റെ ശാന്തിനികേതനിലെ ഭൂമി ഒഴിയണമെന്ന വിശ്വഭാരതി സർവകലാശാലയുടെ നീക്കത്തിന് കൊൽക്കത്ത ഹൈക്കോടതിയുടെ സ്റ്റേ. ജസ്റ്റിസ് ബിഭാസ് രഞ്ജൻ ഡെയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിർഭും ജില്ലയിലെ കീഴ്‌ക്കോടതിയിൽ വാദം കേൾക്കുന്നത് വരെ ഭൂമി ഒഴിയണമെന്ന നോട്ടിസിന് ഇടക്കാല സ്റ്റേ പുറപ്പെടുവിക്കുകയായിരുന്നു.
ഭൂമി കയ്യേറിയതാണെന്ന് ആരോപിച്ച് സർവകലാശാല നൽകിയ നോട്ടിസിനെതിരെ അമർത്യ സെൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെയ് ആറിനകം സെൻ ഭൂമി ഒഴിഞ്ഞില്ലെങ്കിൽ 1971ലെ കേന്ദ്ര ഭൂനിയമ പ്രകാരം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഒഴിപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു വിശ്വഭാരതി സർവകലാശാല അദ്ദേഹത്തിന് നോട്ടിസ് അയച്ചത്. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലെ അമർത്യ സെന്നിന്‍റെ 'പ്രതിചി' എന്ന വീടിരിക്കുന്ന സ്ഥലത്ത് വിശ്വഭാരതി സർവകലാശാലയുടെ 13 സെന്‍റ് സ്ഥലം അനധികൃതമായി കൈവശപ്പെടുത്തി എന്നാണ് അദ്ദേഹത്തിന് എതിരെയുള്ള ആരോപണം.
ഭൂമി അമർത്യ സെൻ കയ്യേറിയെന്നും സമയപരിധിക്കുള്ളിൽ സ്ഥലം വിട്ടുനൽകിയില്ലെങ്കിൽ സാമ്പത്തിക വിദഗ്‌ധനായ അമർത്യ സെന്നിനെ ഒഴിപ്പിക്കുമെന്നും നോട്ടിസിൽ വിശ്വഭാരതി വ്യക്തമാക്കിയിരുന്നു. ജനുവരി 24നാണ് വിശ്വഭാരതി ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സെന്നിന് ആദ്യ നോട്ടിസ് അയച്ചത്. പിന്നീട് രണ്ട് നോട്ടിസ് കൂടി അയച്ചു.
ജനുവരിയിൽ ലഭിച്ച നോട്ടിസിന് ഏപ്രിൽ 19ന് കൈവശപ്പെടുത്തിയ ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കണമെന്നായിരുന്നു നിർദേശം. എന്നാൽ ഏപ്രിൽ 17ന് അമർത്യ സെൻ വിശ്വഭാരതിക്ക് മറുപടി അയച്ചു. 80 വർഷമായി ഭൂമിയുടെ ഉപയോഗം അതേപടി തുടരുന്നുവെന്നും പാട്ടത്തിന്‍റെ കാലാവധി തീരുന്നത് വരെ ഭൂമിയിൽ ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ലെന്നുമായിരുന്നു മറുപടി കത്തിന്‍റെ ഉള്ളടക്കം.