ന്യൂഡൽഹി:ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ കേന്ദ്ര ബജറ്റിൽ പരമ്പരാഗത കരകൗശല വിദഗ്‌ധർക്കായി 'പ്രധാന്‍മന്ത്രി വിശ്വകർമ കരകൗശൽ സമ്മാൻ' പദ്ധതി.കരകൗശല ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്‌പാദനം വർധിപ്പിക്കുകയും വിപണി വിപുലപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരകൗശല തൊഴിലാളികൾക്കും വിദഗ്‌ധർക്കും സാമ്പത്തിക പിന്തുണ, നൈപുണ്യ വികസനം, ഡിജിറ്റൽ ഹരിത സാങ്കേതിക വിദ്യകൾ ലഭ്യമാക്കൽ, ബ്രാൻഡ് പ്രമോഷൻ, ഡിജിറ്റൽ പേയ്മെന്‍റ്, സാമൂഹിക സുരക്ഷ എന്നിവ ലഭ്യമാക്കുമെന്നും ഇത് അവരുടെ ചെറുകിട കച്ചവടം മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
എസ്‌സി, എസ്‌ടി, ഒബിസി, സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവർക്ക് ഇത് പ്രയോജനം ചെയ്യും. പരമ്പരാഗതമായി കൈകൊണ്ട് ജോലി ചെയ്യുന്ന കരകൗശല വിദഗ്‌ധര്‍ ഇന്ത്യയ്ക്ക് യുഗങ്ങളായി മഹത്വം കൊണ്ടുവരുന്നു. അവർ 'ആത്മനിർഭർ ഭാരത'ത്തിന്‍റെ യഥാർഥ ചൈതന്യത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്താൻ പുതിയ പദ്ധതി അവരെ പ്രാപ്‌തരാക്കും. അവയെ എംഎസ്എംഇ മൂല്യ ശൃംഖലയുമായി സംയോജിപ്പിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.