ന്യൂഡൽഹി: പൗരന്മാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി 2022-23ൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു, സുപ്രധാന സുരക്ഷ വിവരങ്ങൾ എൻകോഡ് ചെയ്‌ത ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെടുന്നതായിരിക്കും പാസപോര്‍ട്ട്.
വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അതീവ സുരക്ഷാ സവിശേഷതകളുള്ള ചിപ്പ് ഉൾപ്പെടുന്ന ഇ-പാസ്‌പോർട്ടുകൾ പൗരന്മാർക്ക് നൽകും, അതിൽ അപേക്ഷകരുടെ സ്വകാര്യ വിവരങ്ങൾ ഡിജിറ്റലായി പാസ്‌പോർട്ട് ബുക്ക്‌ലെറ്റിൽ സംയോജിപ്പിച്ച് ഒരു ചിപ്പിൽ സൂക്ഷിക്കും.
ചിപ്പ് തകരാറിലായാല്‍, സിസ്റ്റത്തിന് അത് കണ്ടെത്താനാകും. നാസിക് ആസ്ഥാനമായുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസ് പാസ്‌പോർട്ടുകൾക്കായി ഐസിഎഒ- ഇലക്‌ട്രോണിക് ചിപ്പ് ഇൻലേകൾ നിർമ്മിക്കുന്നതിനുള്ള കരാർ നൽകുന്ന പ്രക്രിയയിലാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം പാസ്‌പോർട്ട് വിതരണം ആരംഭിക്കും.
ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകൾ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോർബാങ്കിങ് സൗകര്യം ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.
Also read:Union Budget 2022 | 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍; 'ഒരു സ്‌റ്റേഷന്‍ ഒരു ഉത്‌പന്നം നടപ്പിലാക്കും'