സാംബ: ജമ്മുവിലെ സാംബ മേഖലയിൽ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം സംശയാസ്‌പദമായി തുരങ്കം കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി അതിർത്തി സുരക്ഷാസേന (ബിഎസ്എഫ്). സുഞ്ജ്വാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ബുധനാഴ്‌ച (മെയ് 4) സാംബ മേഖലയിലെ അതിർത്തി വേലിക്ക് സമീപം തുരങ്കം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ഇന്ന് (മെയ് 5) നടത്തുമെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു.
ജമ്മുവിലെ സാംബ മേഖലയിൽ തുരങ്കം കണ്ടെത്തി; സുരക്ഷ ശക്തമാക്കി ബിഎസ്എഫ്
ഏപ്രിൽ 22ന് ജമ്മുവിലെ സുഞ്ജ്വാൻ മേഖലയിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ബിഎസ്എഫ് വധിച്ചതിന് പിന്നാലെയാണ് തുരങ്കം കണ്ടെത്തിയത്
ഏപ്രിൽ 22ന് ജമ്മുവിലെ സുഞ്ജ്വാൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചത്. സാംബയിലെ സോപോവാൾ മേഖലയിൽ നിന്നുള്ള ഒരു മിനി ട്രക്കിലെത്തിയാണ് അതിർത്തിക്കുള്ളിൽ ഭീകരർ നുഴഞ്ഞുകയറിയതെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞു. കൊല്ലപ്പെട്ട ഭീകരരുടെ പക്കൽ നിന്നും രണ്ട് എകെ 47 തോക്കുകളും ആയുധങ്ങളും വെടിക്കോപ്പുകളും സാറ്റലൈറ്റ് ഫോണുകളും ചില രേഖകളും കണ്ടെടുത്തു.
കനത്ത സുരക്ഷാ വിന്യാസമുള്ള ഏതെങ്കിലും പ്രദേശത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരായിരിക്കാം കൊല്ലപ്പെട്ട ഭീകരരെന്ന് പൊലീസ് അറിയിച്ചു. ഇതോടെ മേഖലയിൽ വൻതോതിലുള്ള ആന്‍റി-ടണലിങ് ഓപ്പറേഷൻ ബിഎസ്എഫ് ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ സാംബ മേഖലയിൽ തുരങ്കം കണ്ടെത്തിയത്.