പാനിപ്പത്ത് (ഹരിയാന): വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതിന് സഹോദരിയെ കൊലപ്പെടുത്തി യുവാവ്. ഹരിയാനയിലെ പാനിപ്പത്തിലാണ് വർഷ എന്ന 16കാരിയെ സഹോദരനായ സുധീർ കൊലപ്പെടുത്തിയത്. വർഷ സുധീറിന്‍റെ വസ്‌ത്രങ്ങൾ കഴുകാൻ വിസമ്മതിച്ചതോടെ രോഷാകുലനായ യുവാവ് നാല് തവണ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. മാർച്ച് 31നായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരിച്ചത്. ബിഹാറിലെ ബേട്ടിയ ജില്ലയിൽ നിന്നുള്ള ഈ കുടുംബം കഴിഞ്ഞ കുറെ വർഷങ്ങളായി പാനിപ്പത്ത് ജില്ലയിലെ സമൽഖയിലെ ഭാബ്ര ഗ്രാമത്തിൽ കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്.
അമ്മ പച്ചക്കറി വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. അമ്മ വിഭ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്‍റെ മുറ്റത്ത് അബോധാവസ്ഥയിൽ മകൾ കിടക്കുകയായിരുന്നു. തുടർന്ന് ഇളയ മകളോട് കാര്യം തിരക്കി. വസ്ത്രം അലക്കാത്തതിന്‍റെ പേരിൽ സഹോദരൻ സുധീർ വര്‍ഷയുടെ തല ചുമരിൽ ഇടിച്ചു എന്ന് ഇളയ മകള്‍ പറഞ്ഞു.
വസ്‌ത്രം കഴുകാത്തതിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം ഉണ്ടാകുകയും സുധീർ വർഷയെ ആക്രമിക്കുകയുമായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ അമ്മ സമൽഖ സിവിൽ ഹോസ്‌പിറ്റലിൽ എത്തിച്ചു. എന്നാൽ, പെൺകുട്ടിയുടെ നില ഗുരുതരമായതോടെ ഖാൻപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഖാൻപൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. മകളെ കൊലപ്പെടുത്തിയതിന് മകൻ സുധീറിനെതിരെ അമ്മ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലണ്.
സോനിപതിലെ യുവതിയുടെ കൊലപാതകം: ഹരിയാനയിലെ സോനിപതിൽ യുവതിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. കാനഡിയിലായിരുന്ന യുവതിയെ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതി കൃത്യം നടത്തിയത്. സോനിപത് സ്വദേശിയായ മോണിക എന്ന യുവതിയെയാണ് സുനിൽ എന്ന യുവാവ് കൊലപ്പെടുത്തിയത്.
2022 ജൂണിലാണ് സംഭവം. ഇരുവരും സുഹൃത്തുക്കളായിരുന്നു. തുടർന്ന് മോണിക കാനഡയിലേക്ക് പോയി. എന്നാൽ വീട്ടുകാര്‍ അറിയാതെ മോണികയെ സുനിൽ ജൂണിൽ നാട്ടിലേക്ക് വിളിച്ചുവരുത്തി.