ന്യൂഡൽഹി :അധിക സുരക്ഷാസന്നാഹം നീക്കം ചെയ്‌തതിൽ പ്രതികരിക്കാനില്ലെന്ന് വ്യക്‌തമാക്കി ബ്രിട്ടീഷ് ഹൈക്കമ്മിഷൻ. സുരക്ഷ കാര്യങ്ങളിൽ അഭിപ്രായം പറയുന്നില്ലെന്നാണ് ഔദ്യോഗിക വക്താവ് വ്യക്‌തമാക്കിയത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിൽ അതിക്രമിച്ച് കടന്ന് ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ ദേശീയ പതാക താഴ്‌ത്തിയതിന് പിന്നാലെയാണ് ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള അധിക സുരക്ഷാസന്നാഹം ഇന്ത്യ നീക്കം ചെയ്‌തത്. ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന സുരക്ഷ ബാരിക്കേഡുകളാണ് നീക്കം ചെയ്‌തത്.
ഓഫിസിന് മുന്നിൽ വാഹന ഗതാഗതം നിയന്ത്രിച്ച് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ബാരിക്കേഡുകള്‍ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് എടുത്തുമാറ്റിയതെന്നാണ് ഡൽഹി പൊലീസിന്‍റെ വിശദീകരണം. എന്നാൽ ഹൈക്കമ്മിഷൻ ഓഫിസിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലന്നും വിശദീകരണമുണ്ട്.
കടുത്ത പ്രതികരണവുമായി ഇന്ത്യ : ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഖലിസ്ഥാൻ തീവ്രവാദികൾ അതിക്രമിച്ച് കയറിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇന്ത്യൻ നടപടി. ശക്തമായ ഉഭയകക്ഷി ബന്ധമുള്ള ഒരു രാജ്യത്തിനെതിരെ ഇന്ത്യ ഇത്തരം കർക്കശമായ നീക്കം നടത്തുന്നത് ഇതാദ്യമായാണ്. ഇക്കഴിഞ്ഞ മാർച്ച് 19നാണ് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചത്.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്‌പാൽ സിങ്ങിനെതിരെ പഞ്ചാബ് പൊലീസ് എടുത്ത നടപടിയുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടനിലെ ഹൈക്കമ്മിഷന് നേരെ അതിക്രമം ഉണ്ടായത്. ഓഫിസിൽ അതിക്രമിച്ച് കയറിയ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാകയും വലിച്ചെറിഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് പരിസരത്തെ സുരക്ഷ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്‌റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഹൈക്കമ്മിഷനിലുണ്ടായ ഇത്തരം സുരക്ഷാവീഴ്‌ച അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ ഇന്ത്യ പ്രശ്‌നങ്ങളെക്കുറിച്ചും സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളിലും വിശദീകരണവും ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ഡൽഹിയിലെ യുകെ ഹൈക്കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തിങ്കളാഴ്‌ച പറഞ്ഞിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്‌ത് വിചാരണ ചെയ്യേണ്ടത് ആവശ്യമാണ്. യുകെ ഹൈക്കമ്മിഷനിൽ സുരക്ഷ ഒരുക്കേണ്ടതിന്‍റെ ആവശ്യകത ഞങ്ങൾ ബ്രിട്ടീഷ് അധികാരികളോട് സൂചിപ്പിച്ചിട്ടുണ്ട് - ക്വാത്ര കൂട്ടിച്ചേർത്തു.
സാൻഫ്രാൻസിസ്‌കോയിലും ആക്രമണം: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് ആക്രമണത്തിന് പിന്നാലെ മാർച്ച് 21ന് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോണ്‍സുലേറ്റും ഖലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ ആക്രമിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി എത്തിയ പ്രതിഷേധക്കാർ സിറ്റി പൊലീസ് ഉയർത്തിയ താത്‌കാലിക സുരക്ഷ തടസങ്ങൾ തകർത്ത് കോൺസുലേറ്റിനുള്ളിൽ ഖലിസ്ഥാനി പതാകകൾ സ്ഥാപിക്കുകയായിരുന്നു.
പിന്നാലെ സംഭവത്തെ ശക്‌തമായി അപലപിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തിയിരുന്നു. 'ഞങ്ങൾ തീർച്ചയായും ആ നശീകരണത്തെ അപലപിക്കുന്നു. ഇത് തികച്ചും അസ്വീകാര്യമാണ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നയതന്ത്ര സുരക്ഷാസേവനം പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്' - വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.