ന്യൂഡല്‍ഹി:ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്ക് വിധേയനായ ബിജെപി എംപിയും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി. ജൂലൈ 18ന് ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഗുസ്‌തി താരങ്ങളുടെ ആരോപണത്തില്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ തെളിവുകള്‍ ഉണ്ടെന്ന് കോടതി.
കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ച അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്‌പാലാണ് ബ്രിജ് ഭൂഷണിനോട് ജൂലൈ 18ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ബ്രിജ് ബൂഷണ്‍ ശരണ്‍ സിങ്ങിനെ കൂടാതെ ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ആറ് തവണ പാർലമെന്‍റ് അംഗമായ ബ്രിജ് ഭൂഷണിനെതിരെ ജൂൺ 15 ന് സെക്ഷൻ 354 (സ്‌ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ട് ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ) എന്നിവ പ്രകാരമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെതിരെ ഇന്ത്യൻ പീനൽ കോഡിന്‍റെ (ഐപിസി) 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) 109 (ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരണ) 354 എന്നിവ പ്രകാരവുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതിയില്‍ ഹാജരാകുമെന്ന് ബ്രിജ് ഭൂഷണ്‍:തനിക്ക് ലഭിച്ച നിര്‍ദേശ പ്രകാരം ജൂലൈ 18ന് താന്‍ ഡല്‍ഹിയിലെ റോസ് അവന്യു കോടതിയില്‍ ഹാജരാകുമെന്ന് ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു. കോടതിയില്‍ ഹാജരാകുന്നതിന് തനിക്ക് യാതൊരു വിധ ഇളവുകളുടെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗികാരോപണങ്ങളും സമരവും:ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നിരവധി ഗുസ്‌തി താരങ്ങളാണ് പരാതികളുമായി രംഗത്തെത്തിയിരുന്നത്. ഒളിമ്പ്യൻമാരായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരടക്കമുള്ള മുൻനിര ഗുസ്‌തി താരങ്ങള്‍ ഇതിനെതിരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രക്ഷോഭം നടത്തിയിരുന്നു. ലൈംഗികാതിക്രമ കേസില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ദേശീയ തലസ്ഥാനത്തെ താരങ്ങളുടെ സമരം.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി ബ്രിജ് ഭൂഷണെതിരെ താരങ്ങള്‍ ആരോപണവുമായി രംഗത്തെത്തിയത്. ജന്തര്‍ മന്തറില്‍ സമരം തുടര്‍ന്നതോടെ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറെത്തി താരങ്ങളുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്‌തു. മന്ത്രിയുടെ ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ച താരങ്ങള്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സമരത്തിനിറങ്ങിയത്. കായിക മന്ത്രിയുടെ ഉറപ്പിന് പിന്നാലെ നടപടികളൊന്നും ഉണ്ടാകാത്തതിന് പിന്നാലെയാണ് രണ്ടാമതും താരങ്ങള്‍ സമരത്തിനിറങ്ങിയത്.
also read:ഗുസ്‌തി താരങ്ങളുടെ സമരം പതിനഞ്ചാം ദിവസത്തില്‍ ; ജന്തർ മന്തറിൽ പിന്തുണയുമായി സംയുക്ത കിസാൻ മോർച്ച, കനത്ത സുരക്ഷ