ദര്‍ഭംഗ (ബിഹാര്‍): ദര്‍ഭംഗയില്‍ കമല നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുവീണു. മണലുമായി ട്രക്ക് കടന്നുപോകുന്നതിനിടെയാണ് പാലം തകര്‍ന്നത്. ഇതോടെ നദിയിലേക്ക് മറിഞ്ഞ ട്രക്ക് പാലത്തിന്‍റെ ശേഷിക്കുന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുകയായിരുന്നു. ഇന്നാണ് (16-01-2023) അപകടം.
ട്രക്ക് കടന്നുപോകുന്നതിനിടെ പാലം തകര്‍ന്നുവീണു; ഡ്രൈവർ രക്ഷപ്പെട്ടു, ആളപായമില്ല
ബിഹാറിലെ ദര്‍ഭംഗയില്‍ മണലുമായി ട്രക്ക് കടന്നുപോകുന്നതിനിടെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുവീണു, സംഭവത്തില്‍ ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി.
അപകടത്തില്‍ ട്രക്ക് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇദ്ദേഹത്തിന് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ് നിരവധി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ ട്രക്ക് നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സമീപത്തെ പല പഞ്ചായത്തുകളിലേക്കുമുള്‍പ്പടെയുള്ള പ്രധാന ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് ഈ പാലമെന്ന് നാട്ടുകാർ അറിയിച്ചു.
സർക്കാർ ഉത്തരവിറങ്ങിയിട്ടും പാലത്തിന്‍റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്ത കരാറുകാരനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തകർന്ന പാലത്തിന്‍റെ ചിത്രങ്ങൾ ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ ചിത്രവുമായി സാമ്യം പുലർത്തുന്നതായി അറിയിച്ച് സൈബര്‍ലോകവും രംഗത്തെത്തി.