ഭഗല്‍പൂര്‍ (ബിഹാര്‍): ഭഗല്‍പൂരില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്ന കൂറ്റന്‍ പാലം ഗംഗ നദിയിലേക്ക് തകര്‍ന്ന് വീണു. ബിഹാറിലെ ഖഗാരിയയില്‍ നിര്‍മാണം പുരോഗമിക്കുന്ന അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലമാണ് തകര്‍ന്ന് നദിയില്‍ പതിച്ചത്. പാലം തകരുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി. സംഭവ സമയത്ത് പാലത്തില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി.
ഇന്നലെ (04.06.2023) വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുൽ നിർമാൺ നിഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കാരണക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ നിര്‍മാണ കമ്പനി പ്രതിനിധി ഒളിവില്‍ പോയി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉപമുഖ്യമന്ത്രിയും റോഡ് നിർമാണ മന്ത്രിയുമായ തേജസ്വി യാദവും ഉത്തരവിട്ടിട്ടുണ്ട്.
'നേരത്തെ സൂപ്പർ സ്ട്രക്‌ചർ തകർന്ന അതേ പാലമാണിത്. ഞങ്ങൾ അന്ന് പ്രതിപക്ഷത്തായിരുന്നു. അതിനെതിരെ ശബ്‌ദമുയർത്തിയിരുന്നു. സർക്കാർ രൂപീകരിച്ചതിന് ശേഷം ഞങ്ങൾ ഐഐടി റൂർക്കിയെ വിഷയം അന്വേഷിക്കാൻ നിയോഗിച്ചു. പാലത്തിന്‍റെ 5-ാം നമ്പർ തൂണിന്‍റെ ബലക്കുറവാണ് സൂപ്പർ സ്ട്രക്‌ചർ തകരാന്‍ കാരണമായത് എന്ന് അപ്പോഴാണ് മനസിലായത്. ഇപ്പോൾ വീണ്ടും സമാനമായ സംഭവം നടന്നിരിക്കുന്നു, വിഷയം അന്വേഷിക്കും' -തേജസ്വി യാദവ് ഇന്നലെ പറഞ്ഞു.
1,717 കോടി രൂപ ചെലവിൽ ആണ് അഗുവാനി സുൽത്താൻഗഞ്ച് ഗംഗ പാലം നിർമിച്ചത്. ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കാറ്റില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഖഗാരിയ, അഗുവാനി, സുൽത്താൻഗഞ്ച് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്നിരുന്നു. സംഭവത്തില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.
'2015ല്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രവൃത്തി ഉദ്‌ഘാടനം നിര്‍വഹിച്ച പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് 2020ലാണ്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. സംഭവത്തില്‍ നിതീഷ് കുമാറും തേജസ്വി യാദവും ഉടന്‍ രാജിവയ്‌ക്കുമോ. അങ്ങനെ ചെയ്യുന്നതിലൂടെ അമ്മാവനും അനന്തരവനും രാജ്യത്തിന് മാതൃകയാകാന്‍ സാധിക്കും' -ബിജെപി വക്താവ് മാളവ്യ ട്വീറ്റ് ചെയ്‌തു.