ന്യൂഡല്‍ഹി : ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി). പാരിസ്ഥിതിക നഷ്‌ടപരിഹാരം ചൂണ്ടിക്കാട്ടിയാണ് നടപടി. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പറേഷന്‍ കൃത്യവിലോപം തുടര്‍ന്നുവെന്ന് നടപടി സ്വീകരിച്ചുകൊണ്ടുള്ള കുറിപ്പില്‍ എൻജിടി വ്യക്തമാക്കി.
തീപിടിത്തത്തെ തുടർന്ന് ട്രിബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. എംകെ ഗോയൽ അധ്യക്ഷനായ ട്രിബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരാഴ്‌ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ പിഴയടക്കണം എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ, ഉത്തരവിനെ കോർപറേഷന് നിയമപരമായി മേൽക്കോടതികളിൽ ചോദ്യം ചെയ്യാൻ സാധിക്കും.
'സംസ്ഥാന സർക്കാരിന്‍റെ പരാജയം':ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കോർപറേഷൻ അപ്പീൽ ഹർജി സമർപ്പിച്ചേക്കും. പിഴത്തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. തീപിടിത്തം ഉണ്ടായപ്പോൾ അണയ്‌ക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് ട്രിബ്യൂണൽ വിലയിരുത്തി. വേണ്ടിവന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കഴിഞ്ഞ ദിവസം വാദത്തിനിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ|ബ്രഹ്മപുരം : കൊച്ചിയിൽ പെയ്‌തത് അമ്ലമഴയെന്ന് വിദഗ്‌ധ പക്ഷം ; ആശങ്ക ഒഴിയാതെ ജനം
മാലിന്യ പ്ലാന്‍റിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാന സർക്കാരിന്‍റെ പരാജയമാണെന്നാണ് ട്രിബ്യൂണലിന്‍റെ അഭിപ്രായം. ബ്രഹ്മപുരം പ്ലാന്‍റുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതും ഇത് പരിഗണിക്കാത്തതും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. അഗ്‌നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി താത്‌കാലികമായി ഒഴിഞ്ഞത് 13 ദിവസത്തിന് ശേഷമായിരുന്നു. ഇതിനിടെ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു. ഇത് മനുഷ്യനും പ്രകൃതിക്കും ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
തീയണഞ്ഞത് 13 ദിവസത്തിന് ശേഷം:പുക ശ്വസിച്ചതിനെ തുടർന്ന് ആയിരത്തിലധികം ആളുകൾ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നു. തീയും പുകയും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും പുക ഉയരുന്നത് തടയാനുള്ള നിരീക്ഷണം അഗ്നിരക്ഷാസേന ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തതോടെ രണ്ട് ദിവസമായി ബ്രഹ്മപുരത്തെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. അതേസമയം, മഴയിലെ അമ്ല സാന്നിധ്യവും കൂടുതൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു. 13 ദിവസമായി അഗ്നിശമനാസേന തീയണയ്ക്കാനുള്ള പ്രവർത്തനം നടത്തിയത്. സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്‌ടര്‍ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണയ്ക്കാൻ കഴിഞ്ഞതോടെയാണ് 13 ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയത്.
തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സേവനം തുടർന്നും ബ്രഹ്മപുരത്ത് തുടരും. കാവൽക്കാർ, ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്‌തിരുന്നു.
ബ്രഹ്മപുരത്ത് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളേയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയത്. ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക്ക് സഹായകമാവും.
മൊബൈല്‍ ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫിസര്‍, നഴ്‌സിങ് ഓഫിസര്‍, നഴ്‌സിങ് അസിസ്റ്റന്‍റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്‍ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
തീപിടിത്തം, എല്ലാ വർഷവും: കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം പ്ലാൻ്റിൽ മാർച്ച് രണ്ടിന് വൈകുന്നേരം നാല് മണിയോടെയാണ് വൻ തീപിടിത്തമുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസത്തിനിടയിൽ തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എല്ലാവർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ അഗ്‌നിബാധ ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് ഇത് തീയിടുന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. എന്നാൽ ശക്തമായ ചൂടിൽ മീഥൈൽ വാതകം രൂപപ്പെടുന്നത് എളുപ്പത്തിൽ തീപിടിത്തം ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
അതേസമയം തീപിടിത്ത സാധ്യത തങ്ങൾ ചൂണ്ടിക്കാണിച്ചതാണെന്നും മേയർ ഇത് പുച്ഛിച്ച് തള്ളിയെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു. ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും പ്രതിപക്ഷം ശക്തമാക്കിയിരിക്കുകയാണ്. 12 ദിവസം നീണ്ട തീയും പുകയും ശമിക്കുമ്പോഴും അന്തരീക്ഷത്തിൽ പടർന്ന വിഷപ്പുകയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് അറുതിയായിട്ടില്ല. ഇതിനിടെയാണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ സുപ്രധാന വിധിയെന്നതും ശ്രദ്ധേയമാണ്.