ബി ആർ അംബേദ്‌ക്കറിന്‍റെ 130-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അംബേദ്‌ക്കറെ ബാബാ സാഹിബ് എന്ന് അഭിസംബോധന ചെയ്‌ത സോണിയ അദ്ദേഹം വിവേചനത്തിനും തൊട്ടുകൂടായ്‌മക്കും അസമത്വത്തിനും എതിരെ അദ്ദേഹം നിർണ്ണായക പോരാട്ടം നടത്തിയെന്ന് അഭിപ്രായപ്പെട്ടു.
അംബേദ്‌ക്കറിന്‍റെ ആശയങ്ങൾക്കനുസൃതമായി രാജ്യത്ത് ഒരു സമത്വ സമൂഹം സ്ഥാപിക്കുന്നതിൽ കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും പ്രാമുഖ്യം നൽകിയിട്ടുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു.
സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഇന്ന് ജനാധിപത്യ രീതിയിൽ രാജ്യത്തിന്‍റെ ഉയർന്ന സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്നത് 73 വർഷത്തിനിടയിലെ തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ്. ബാബാ സാഹിബിന്‍റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും ഒരു യഥാർത്ഥ ആദരാഞ്ജലിയാണിതെന്നും കോൺഗ്രസ് അധ്യക്ഷ കൂട്ടിച്ചേർത്തു.
ഇന്ന് യാഥാസ്ഥിതികതയെയും വിവേചനത്തെയും കുറിച്ചുള്ള ചിന്ത സമൂഹത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ രാജ്യത്തിന്‍റെ എല്ലാ വിഭാഗങ്ങളും തുല്യമായും വിവേചനമില്ലാതെയും പുരോഗമിക്കണമെന്ന ചിന്ത കോൺഗ്രസ് പാർട്ടിക്ക് എല്ലായ്‌പ്പോഴും ഉണ്ടായിരുന്നെന്നും സോണിയ പറഞ്ഞു.
നമുക്കെല്ലാവർക്കും ഒരുമിച്ച് ശക്തമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ കഴിയും എന്നതായിരുന്നു ബി ആർ അംബേദ്‌ക്കറിന്‍റെ അചഞ്ചലമായ പാത എന്നും സോണിയ പറഞ്ഞു.