ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളോട് ചൈനീസ് ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സൈനികര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായ സാഹചര്യത്തില്‍, ഇന്ന് ഉച്ചയ്‌ക്ക് നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് കെജ്‌രിവാളിന്‍റെ ആഹ്വാനം. കേന്ദ്ര സര്‍ക്കാര്‍ ചൈനയ്‌ക്ക് മുന്‍പില്‍ തല കുനിയ്‌ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യം ചൈനീസ് ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണം'; കേന്ദ്രം ചൈനയ്‌ക്ക് മുന്‍പില്‍ തലകുനിക്കരുതെന്ന് കെജ്‌രിവാള്‍ - ചൈന
ഡല്‍ഹിയില്‍ ഇന്ന് നടന്ന എഎപി ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് രാജ്യം ചൈനീസ് ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ ആഹ്വാനം
'ചൈന കുറച്ചുകാലമായി നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്തുന്നു. നമ്മുടെ സൈനികര്‍ ധീരമായാണ് അവര്‍ക്കെതിരെ പോരാടുന്നത്. കുറച്ച് ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു. ചൈന നമ്മുടെ അതിര്‍ത്തികള്‍ കൈയടക്കുന്നത്, നമ്മള്‍ സമൂഹ മാധ്യമങ്ങളിലൂടെ കാണുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് പാരിതോഷികം നല്‍കുന്നതിലാണ് ശ്രദ്ധിക്കുന്നത്. നമ്മള്‍ ഇപ്പോഴും ചൈനയില്‍ നിന്നും വളരെയധികം സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്' - കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നത്തിന് പുറമെ രാജ്യത്തെ പണപ്പെരുപ്പം, പട്ടിണി, തൊഴിലില്ലായ്‌മ എന്നിവയും യോഗത്തില്‍ പ്രധാന ചര്‍ച്ചയായി. ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു.