ജയ്‌പൂർ: 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ നാല് വയസുകാരനെ രക്ഷപ്പെടുത്തി. 90 അടി താഴ്‌ചയുള്ള കുഴൽകിണറിൽ നിന്നാണ് കുട്ടിയെ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥരും പൊലീസും സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
20 മണിക്കൂര്‍ നീണ്ട പരിശ്രമം; കുഴൽക്കിണറിൽ വീണ നാല് വയസുകാരനെ രക്ഷപ്പെടുത്തി
രാജസ്ഥാനില്‍ 90 അടി താഴ്‌ചയുള്ള കുഴൽക്കിണറിൽ നിന്നും കുട്ടിയെ അതിസാഹസികമായി രക്ഷിക്കുകയായിരുന്നു
രാജസ്ഥാനിലെ ജലൂർ ജില്ലയിലെ ലച്ച്ഡി ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് കുട്ടി കളിച്ചുകൊണ്ടിരിക്കെ അടുത്തുള്ള കുഴൽക്കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ടിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിക്കാൻ തുടങ്ങി. കുഴൽക്കിണറിൽ നിന്നും കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് വിവരം മാതാപിതാക്കൾ അറിയുന്നത്.
തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഉടൻതന്നെ സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടി ഉറങ്ങാതിരിക്കാൻ രക്ഷാപ്രവർത്തകർ നിരന്തരം കുട്ടിയുമായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. കൂടാതെ ശ്വാസം മുട്ടാതിരിക്കാൻ കിണറിനുള്ളിലേക്ക് ഒരു പൈപ്പ് ഉപയോഗിച്ച് ഓക്സിജൻ പമ്പ് ചെയ്‌തു. കുട്ടിക്ക് കിണറിനുള്ളിൽ തന്നെ ഭക്ഷണവും സംഘം എത്തിച്ചു. ഒടുവിൽ 20 മണിക്കൂറിലധികം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ അതിസാഹസികമായി പുറത്തെത്തിച്ചു. കുട്ടിയുടെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിൽ രണ്ട് ദിവസം മുമ്പാണ് കുഴൽ കുഴിച്ചത്.