ഇന്‍ഡോര്‍ (മധ്യപ്രദേശ്) : ബലാത്സംഗത്തിനിരയാക്കുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കാമുകന്‍ അറസ്‌റ്റില്‍. ഇൻഡോറിലെ ഖജ്‌രാന പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ മെയ് 19 നാണ് സംഭവം. കാമുകനില്‍ നിന്ന് ലൈംഗികാതിക്രമവും ദുരനുഭവവുമുണ്ടായെന്ന് കാണിച്ചാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.
സംഭവം ഇങ്ങനെ :പരാതിക്കാരിയായ പെണ്‍കുട്ടിയും ഫൈസാന്‍ എന്ന ചെറുപ്പക്കാരനും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഈ ബന്ധം വളര്‍ന്നതോടെ ഫൈസാന്‍ പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനവും നല്‍കി. തുടര്‍ന്ന് ശാരീരിക ബന്ധത്തിലും ഏർപ്പെട്ടു. അങ്ങനെയിരിക്കെ ഇയാള്‍ പെണ്‍കുട്ടിയോട് ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതോടെയാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ 'ദി കേരള സ്‌റ്റോറി' കണ്ടതോടെ താന്‍ നേരിട്ട അനുഭവങ്ങളുമായി സാമ്യം തോന്നിയതിനാലാണ് കാമുകനെതിരെ പരാതിപ്പെട്ടതെന്നാണ് യുവതിയുടെ വിശദീകരണം.
പെണ്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ :ഫൈസാൻ ആദ്യം ഒരു ഹിന്ദു പേരുപയോഗിച്ചാണ് തന്നോട് സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വിവാഹവാഗ്‌ദാനം നല്‍കി ക്രമേണ പ്രണയബന്ധം വളർത്തിയെടുക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് താനും ഫൈസാൻ ഖാനുമായി ചങ്ങാത്തത്തിലാകുന്നത്. ഞങ്ങളുടെ സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. ഇതിനിടെ അയാള്‍ എന്നോട് മാതാപിതാക്കളെയും വീടും ഉപേക്ഷിച്ച് അയാള്‍ക്കൊപ്പം മറ്റൊരു വീട്ടില്‍ താമസിക്കാൻ നിർബന്ധിച്ചു.
മാത്രമല്ല വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നും ഫൈസാൻ വാക്കുനല്‍കി. ഇക്കാര്യത്തില്‍ നിരവധി തവണ പ്രശ്‌നങ്ങളും വഴക്കുകളുമുണ്ടായെങ്കിലും വിവാഹം ഉടനുണ്ടാകുമെന്ന് ഫൈസാൻ ആവർത്തിച്ച് ഉറപ്പുനൽകിയതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.