ബേതുൽ(മധ്യപ്രദേശ്) : എട്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു. കളിക്കുന്നതിനിടെ അബദ്ധത്തിലായിരുന്നു അപകടം. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ മാണ്ഡവിയിലാണ് സംഭവം.
എട്ട് വയസുകാരനായ തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. 400 അടി ആഴമുള്ള കുഴൽ കിണറിലേക്ക് പതിച്ച കുട്ടി 60 അടി താഴ്‌ചയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.
കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണസേന ഉൾപ്പടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കിണറിനുള്ളിലേക്ക് ഓക്‌സിജൻ നൽകുന്നുണ്ട്. എന്നാൽ, കുട്ടി അബോധാവസ്ഥയിലാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
8 വയസുകാരന്‍ കുഴൽക്കിണറിൽ വീണു സംസ്ഥാന ദുരന്തനിവാരണസേന (എസ്‌ഡിആർഎഫ്), ഹോം ഗാർഡ്, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. കുട്ടിയെ രക്ഷിക്കാൻ ഇനിയും രണ്ടോ മൂന്നോ മണിക്കൂർ വേണ്ടിവരുമെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് (എഡിഎം) ശ്യാമേന്ദ്ര ജയ്‌സ്വാൾ പറഞ്ഞു. കുഴൽക്കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണെന്ന് ബെതുൽ കലക്‌ടർ അമൻവീർ സിംഗ് ബായിസ് വ്യക്തമാക്കി.
ഫാമിൽ കളിക്കുന്നതിനിടെ കുഴൽക്കിണറുള്ള മറ്റൊരു പറമ്പിലേക്ക് തന്‍മയ് പോവുകയും വീഴുകയുമായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് സുനിൽ സാഹു പറഞ്ഞു. രണ്ട് വർഷം മുമ്പാണ് കൃഷിസ്ഥലത്ത് നാനക് ചൗഹാൻ എന്നയാൾ ബോര്‍വെല്‍ സ്ഥാപിച്ചത്. എന്നാൽ, വെള്ളം ലഭിക്കാത്തത് മൂലം ഇത് ഉപയോഗശൂന്യമായിരുന്നു. കുഴൽക്കിണർ മൂടിയിരുന്നുവെന്നും കുട്ടി എങ്ങനെയാണ് ഇതിന്‍റെ അടപ്പ് തുറന്നതെന്ന് അറിയില്ലെന്നുമാണ് ചൗഹാൻ പൊലീസിന് നല്‍കിയ വിശദീകരണം.