മുംബൈ:ചെറിയ മൈതാനങ്ങളില്‍ നിന്നാണ് എക്കാലവും രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള കായിക താരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. എം.എസ് ധോണി, തങ്കരസു നടരാജന്‍, പ്രവീണ്‍ താംബെ, യശ്വസി ജെയ്‌സ്വാള്‍ അങ്ങനെ ഒരു പിടി താരങ്ങൾ ചെറിയ മൈതാനങ്ങളില്‍ കളിച്ച് തെളിഞ്ഞുവന്നവരാണ്. അസൗകര്യങ്ങളുടെ നടുവില്‍ നിന്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌താണ് ഇത്തരം താരങ്ങള്‍ നേട്ടങ്ങള്‍ കൊയ്‌തിട്ടുള്ളത്.
അതിനാല്‍ പൊതു മൈതാനങ്ങളില്‍ കായിക താരങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിർദ്ദേശം നല്‍കിയിരിക്കുകയാണ് ബോംബെ ഹൈക്കോടതി. ബിസിസിഐ, മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍, സംസ്ഥാന ഭരണകൂടം എന്നിവർക്കാണ് കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. ബോംബെ ഹൈക്കോടതി അഭിഭാഷകന്‍ രാഹുല്‍ തിവാരി സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം
"നിങ്ങളുടെ അടുത്ത വലിയ താരം ഒരു പൊതു ഗ്രൗണ്ടിൽ നിന്നായിരിക്കാം ഉയര്‍ന്ന് വരുന്നത്" എന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഉടനീളമുള്ള ഗ്രൗണ്ടുകളില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പടെ നിരവധി പേരാണ് കളിക്കാനെത്തുന്നത്. പൊതു മൈതാനങ്ങളില്‍ കുടിവെള്ളം, ശൗചാലയം, വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം.
പൗര സമിതികളുടെയോ, ക്രിക്കറ്റ് അസോസിയേഷനുകളുടെയോ നിയന്ത്രണത്തിലാണ് ഗ്രൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മൈതാനങ്ങളില്‍ അടിസ്ഥാന സൗകര്യം കുറവാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അനിൽ മേനോൻ, എം എസ് കാർണിക് എന്നിവരുടെ ബെഞ്ച് പറഞ്ഞു. കക്ഷിയായി നേരിട്ട് ഹാജരായ തിവാരി താൻ ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനാണെന്നും വിവിധ സംസ്ഥാന, ജില്ലാ തല ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചു. പരീശീലനത്തിനായി ഗ്രൗണ്ട് ബുക്ക് ചെയ്യുന്ന ഒരാള്‍ അതിന്‍റെ അധികൃതര്‍ക്ക് ഫീസ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇത്തരം മൈതാനങ്ങളില്‍ യാതൊരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
മഹാരാഷ്ട്ര സർക്കാരും, ബിഎംസിയും, എംസിഎയും, ബിസിസിഐയും തങ്ങളുടെ അധികാരപരിധിയിൽ എത്ര ഗ്രൗണ്ടുകളുണ്ടെന്നും അവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വിശദമാക്കി രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.