മുംബൈ:മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ് ഉൾപ്പെട്ട അഴിമതിക്കേസിൽ മഹാരാഷ്ട്ര സർക്കാർ നൽകിയ ഹർജിയിൽ വിധി പറയുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു. ദേശ്‌മുഖിനെതിരായ അഴിമതി ആരോപണത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെ ചോദ്യം ചെയ്ത സർക്കാർ, എഫ്ഐആറിൽ നിന്ന് രണ്ട് ഖണ്ഡികകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ സർവ്വീസിൽ തിരിച്ചെടുത്തതും പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ചുമുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗം നീക്കം ചെയ്യണമെന്നാണ് സർക്കാരിന്‍റെ ഹർജിയിൽ പറയുന്നത്. ബോംബെ ഹൈക്കോടതി ഏപ്രിൽ 5ന് പുറപ്പെടുവിച്ച ഉത്തരവിൽ പ്രതിപാദിക്കാത്ത വിഷയങ്ങളാണ് ഇവയെന്നും ഹൈക്കോടതി പറഞ്ഞിട്ടില്ലാത്തതും സംസ്ഥാനത്തിന്‍റെ മുൻകൂർ അനുമതി വാങ്ങാത്തതുമായ വിഷയങ്ങൾ അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.