ഹൈദരാബാദ്: തങ്ങളുടെ അധ്വാനത്തില്‍ പിറന്ന ഗാനങ്ങള്‍ക്ക് സംഗീത മേഖലയിലുള്ളവര്‍ പകര്‍പ്പവകാശത്തിനായി ശ്രമിക്കാറുണ്ട്. തങ്ങള്‍ ഊണും ഉറക്കവും ഒഴിവാക്കി പുറത്തിറക്കിയ ഗാനങ്ങള്‍ തന്റേത് മാത്രമാണെന്ന് സ്ഥാപിക്കുന്നതിനും മറ്റ് വേദികളില്‍ മറ്റുള്ളവര്‍ അനുവാദം കൂടാതെ പാടി കുളമാക്കുന്നതില്‍ നിന്ന് തടയുന്നതിനാണെന്നും തുടങ്ങി നിരവധി കാരണങ്ങളും ഇതിനായി പറയാറുമുണ്ട്. സമീപകാലത്ത് തന്റെ ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് സംഗീത ലോകത്തെ മഹാപ്രതിഭകളില്‍ ഒരാളായ ഇളയരാജയുടെ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണങ്ങളും എത്തിയിരുന്നു.
അതേസമയം, പരിപാടികളിൽ ബോളിവുഡ് ഗാനങ്ങളുൾപ്പെടെയുള്ള സിനിമാ ഗാനങ്ങൾ പ്ലേ ചെയ്യുമ്പോൾ പകർപ്പവകാശ ലംഘനവുമായി വ്യക്തികളും സ്ഥാപനങ്ങളും തുടര്‍ന്ന് നിയമനടപടികൾ നേരിടേണ്ടി വരില്ലെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നടപടി എത്തുന്നത് ഇങ്ങനെ:വിവാഹ ചടങ്ങുകളിൽ ബോളിവുഡ് ഗാനങ്ങൾ കേള്‍പ്പിച്ചതിന് പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി പിരിച്ചെടുക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളും മറ്റ് സ്ഥാപനങ്ങളും ഉന്നയിച്ച പരാതികൾക്കുള്ള മറുപടിയായാണ് ഈ കേന്ദ്ര നിർദേശം എത്തുന്നത്. പരാതികള്‍ പരിഗണിച്ച ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ, ഇൻഡസ്ട്രി, ഇന്റേണൽ ട്രേഡിന്റേതാണ് (ഡിപിഐഐടി) ഈ തീരുമാനം. മാത്രമല്ല പരാതി പരിഗണിച്ച ഡിപിഐഐടി, പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി പിരിച്ചെടുക്കുന്നത് 1957 ലെ പകർപ്പവകാശ നിയമത്തിന്റെ സെക്ഷൻ 52 (1) (za) ന് വിരുദ്ധമാണെന്നും വ്യക്തമാക്കി.
മാത്രമല്ല സാഹിത്യപരമോ സംഗീതപരമോ ആയ സൃഷ്ടികളും മതപരമോ ഔദ്യോഗികമോ ആയ ചടങ്ങുകൾക്കിടയിലുള്ള ശബ്ദ റെക്കോർഡിങുകളും ഇത്തരം പരിപാടികളില്‍ ഉപയോഗിക്കുന്നതും പകർപ്പവകാശ ലംഘനത്തിൽ നിന്ന് പ്രത്യേകമായി ഒഴിവാക്കുന്നതായും ഡിപിഐഐടി വ്യക്തമാക്കുന്നുണ്ട്. കൂടാതെ വിവാഹ ഘോഷയാത്രകളും അനുബന്ധ സാമൂഹിക ആഘോഷങ്ങളും ഉൾപ്പെടുന്ന മതപരമായ ചടങ്ങുകൾക്ക് ഈ ഇളവിന്റെ പരിഗണന ലഭിക്കുമെന്നും ഡിപിഐഐടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.