കൊൽക്കത്ത :പ്രശസ്‌തമലയാളി ബോളിവുഡ് പിന്നണി ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതം മൂലം ചൊവ്വാഴ്‌ച (മെയ് 31) രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.
കൊൽക്കത്തയിൽ സംഗീതപരിപാടിക്കിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ താമസിക്കുന്ന ഹോട്ടലിലെത്തിച്ചു. അവിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ കൊൽക്കത്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് മരണം സ്ഥിരീകരിച്ചു. ദക്ഷിണ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ ഗുരുദാസ് കോളജ് സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. നേരത്തെ നടന്ന പരിപാടിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്‍റെ ഇൻസ്‌റ്റഗ്രാമിൽ 10 മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, ബംഗാളി, കന്നട തുടങ്ങി വിവിധ ഭാഷകളിലായി 700ലേറെ ഗാനങ്ങൾ പാടി.
നിരവധി ഹിറ്റുകൾ : 'പല്‍' എന്ന തന്‍റെ ആദ്യ ആല്‍ബത്തിലൂടെ തന്നെ കെകെ സംഗീത പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായി. ബോളിവുഡ് ചിത്രങ്ങളായ ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) അജബ് സി, ബച്ച്നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എന്‍ട്രിയാന്‍ തുടങ്ങിയവ അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങളാണ്.
മിന്‍സാര കനവിലെ സ്‌ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിന്‍ ഉയിരേ എന്നീ ഗാനങ്ങളിലൂടെ തമിഴ് സിനിമാരംഗത്തും അദ്ദേഹം ശ്രദ്ധയാകര്‍ഷിച്ചു. പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിലെ 'രഹസ്യമായ്' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെയും മനം കവര്‍ന്നു.
അഞ്ച് തവണ ഫിലിം ഫെയർ പുരസ്‌കാരം നേടിയ അദ്ദേഹം ബോളിവുഡിൽ സജീവമായിരുന്നു. 2012ല്‍ മലയാളത്തില്‍ ഈണം സ്വരലയ സിംഗര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികളായ സിഎസ് മേനോനും, കുന്നത്ത് കനകവല്ലിയുമാണ് മാതാപിതാക്കള്‍. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ.
അനുഗ്രഹീത ഗായകന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ നിരവധി പ്രമുഖർ അനുശോചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് താരം അക്ഷയ് കുമാർ, ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സേവാഗ് തുടങ്ങിയവര്‍ കെകെയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി.