സ്റ്റീല്‍ ഫാക്‌ടറിയില്‍ സ്‌ഫോടനം ഡെറാഡൂണ്‍ :ഉത്തരാഖണ്ഡില്‍ സ്റ്റീല്‍ ഫാക്‌ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് (Boiler explosion in Uttarakhand) അപകടം. 17 തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍, ഡിയോറിയ, ബിജ്‌നോര്‍ ജില്ല സ്വദേശികള്‍ക്കാണ് പൊള്ളലേറ്റത്.
തൊഴിലാളികളെ ഉടന്‍ തന്നെ മുസാഫര്‍ നഗറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിദ്വാറിലെ റൂര്‍ക്കിയില്‍ ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 19) രാത്രിയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
ചൊവ്വാഴ്‌ച രാത്രിയുണ്ടായ സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 20) രാവിലെയാണ്. സംഭവത്തിന് പിന്നാലെ പരിക്കേറ്റവരെ ഫാക്‌ടറി മാനേജ്‌മെന്‍റ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബോയിലര്‍ (Boiler Explosion in Steel Factory) പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ അപ്രതീക്ഷിതമായി സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ബോയിലറിന് സമീപം ജോലിയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിക്കുകയാണെങ്കില്‍ അതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുമെന്നും കോട്‌വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മഹേഷ് ജോഷി പറഞ്ഞു.
അടുത്തിടെ കേരളത്തിലും സമാന സംഭവങ്ങള്‍ : കൊച്ചി കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 19) സമാന സംഭവം ഉണ്ടായത്. അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. പഞ്ചാബ് സ്വദേശിയായ ഒറാങ്ങ് (30) എന്നയാളാണ് മരിച്ചത്. രാസ വസ്‌തുക്കള്‍ സൂക്ഷിച്ച ഭാഗത്ത് രാത്രി എട്ട് മണിയോടെയാണ് കമ്പനിയില്‍ സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് തൊഴിലാളികള്‍ക്കും പൊള്ളലേറ്റു. ഇടപ്പള്ളി സ്വദേശിയായ നജീബ്, തൃക്കാക്കര സ്വദേശി സനീഷ്, അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ അഗ്‌നി ശമന സേന എത്തിയാണ് തീ അണച്ചത്. പൊലീസും ഫോറന്‍സിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പെരുമ്പാവൂര്‍ പ്ലൈവുഡ് കമ്പനിയിലും സ്‌ഫോടനം : പെരുമ്പാവൂരിലെ വെങ്ങോലയിലാണ് ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് സമാന സംഭവം ഉണ്ടായത്. കുറ്റപ്പാടത്ത് പ്രവര്‍ത്തിക്കുന്ന പ്ലൈകോണ്‍ പ്ലൈവുഡ് കമ്പനിയിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ തൊഴിലാളി മരിക്കുകയും മറ്റ് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഒറീസ സ്വദേശിയായ രതന്‍ കുമാറാണ് മരിച്ചത്.