ബാലസോറിലെ ആശുപത്രികളില്‍ രക്തം നല്‍കാനെത്തിയവരുടെ തിരക്ക് ഭുവനേശ്വര്‍:ഒഡിഷ ബാലസോറില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ ആളുകളുടെ തിരക്ക്. രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്ന രാത്രിയില്‍ തന്നെ 500 യൂണിറ്റ് രക്തം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ 3,000 യൂണിറ്റ് രക്തം സ്റ്റോക്ക് ഉള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രക്തം ദാനം ചെയ്യാനായി ഇപ്പോഴും നിരവധി ആളുകളാണ് ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ആദ്യം ഒരു ട്രെയിന്‍ പാളം തെറ്റി മറിയുകയും പിന്നാലെയെത്തിയ മറ്റൊരു ട്രെയിന്‍ ഇതിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
രാത്രി 7:20-ഓടെ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസാണ് പാളം തെറ്റി മറിഞ്ഞത്. ഇതിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പെട്ടു.
കോറോമണ്ഡല്‍ എക്‌സ്‌പ്രസില്‍ നിന്നും വേര്‍പെട്ട ബോഗികള്‍ നിത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിന് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഇതുവരെ 230ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ 900ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രധാനമന്ത്രി ദുരന്തഭൂമി സന്ദര്‍ശിക്കും:ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ നേരത്തെ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്നുണ്ട്. നേരത്തെ, ഇന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവും, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കൊല്‍ക്കത്തന്‍ സന്ദര്‍ശനം റദ്ധാക്കി കേന്ദ്ര വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ധര്‍മേന്ദ്ര പ്രധാനും ബാലസോറിലേക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ മന്ത്രി:ബാലസോര്‍ ട്രെയിന്‍ അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍ സുരക്ഷ കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി അപകടത്തിന്‍റെ മൂലകാരണം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു അശ്വിനി വൈഷ്‌ണവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവ സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരുമായും സംസാരിച്ചിരുന്നു. അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപധനഹായം നല്‍കാനാണ് തീരുമാനം. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാരാമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയാണ് ധനഹായം നല്‍കുക. പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കാന്‍ തീരുമാനമായി.
Also Read :രണ്ട് വെള്ളിയാഴ്‌ചകള്‍, അതേ കോറോമണ്ഡല്‍ എക്‌സ്‌പ്രസ്: 14 വര്‍ഷം മുമ്പും ദുരന്തം, അന്ന് ഒഡിഷയില്‍ മരിച്ചത് 16 പേര്‍