നോയ്‌ഡ : കറുത്ത മഷിക്കും മാരകമായ ആക്രമണങ്ങൾക്കും കർഷകരുടെയും തൊഴിലാളികളുടെയും ശബ്‌ദത്തെ അടിച്ചമർത്താൻ കഴിയില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നേരെ കറുത്ത മഷി ഒഴിച്ച സംഭവത്തിലായിരുന്നു പ്രതികരണം. ബെംഗളൂരുവിലെ ഗാന്ധി ഭവനില്‍ നടന്ന കര്‍ഷക സംഘടനയുടെ പരിപാടിക്കിടെയാണ് പ്രതിഷേധക്കാർ ടികായത്തിന് നേരെ അതിക്രമം നടത്തിയത്.
നരേന്ദ്ര മോദി അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാരും സംഘാടകരും പ്ലാസ്റ്റിക് കസേരകൾ അടക്കം ഉപയോഗിച്ച് പരസ്‌പരം ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കര്‍ണാടക രക്ഷണ വേദിക എന്ന സംഘടനയില്‍പ്പെട്ട ഭാരത് ഷെട്ടി, പ്രതാപ്, ശിവകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലോക്കൽ പൊലീസിനാണെന്നും തനിക്കെതിരായ ആക്രമണം ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ ഒത്താശയോടെയാണ് നടന്നതെന്നും ടികായത് ആരോപിച്ചു.
കറുത്ത മഷിക്കും മാരകമായ ആക്രമണത്തിനും ഈ രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും ദളിതരുടെയും ചൂഷിതരുടെയും പിന്നോക്കക്കാരുടെയും ആദിവാസികളുടെയും ശബ്‌ദം അടിച്ചമർത്താനാവില്ലെന്നും അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്നും ആക്രമണത്തെ തുടർന്ന് ടികായത് ട്വിറ്ററിൽ കുറിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന ടികായത്തിന്‍റെ ആരോപണം തള്ളി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രംഗത്തെത്തി.